SignIn
Kerala Kaumudi Online
Monday, 24 August 2026 3.49 AM IST

നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ലാബ് പ്രവ‌ർത്തനം ഭാഗീകം

3333

നെയ്യാറ്റിൻകര: ഏറെ പ്രതീക്ഷകളോടെ നെയ്യാറ്റിൻകര ഗവ.ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച ഹിന്ദ് ലാബിന്റെ പ്രവ‌ർത്തനം ഭാഗീകമാക്കിയത് രോഗികളെ വലയ്ക്കുന്നു. ദരിദ്രരായ രോഗികൾക്ക് ഭീമമായ ലബോറട്ടറി പരിശോധനകളിൽ നിന്നും മോചനമാകുമെന്ന നിലയ്ക്കാണ് ഇവിടെ കേന്ദ്ര സർക്കാർ‌ സഹായത്തോടെ 24മണിക്കൂറും പ്രവ‌ർത്തിക്കുന്ന ഹിന്ദ് ലാബ് സ്ഥാപിച്ചത്. എന്നാൽ പ്രധാന സ്കാനിംഗുകൾ വൈകുന്നേരങ്ങളിൽ മാത്രമേ നടത്തുന്നുള്ളുവെന്ന് പരാതി ഉയ‌രുന്നുണ്ട്. കിടത്തി ചികിത്സാ വിഭാഗത്തിലെ രോഗികളെയാണ് സമയപരിമിതി കൂടുതലും ബാധിക്കുന്നത്.

കേന്ദ്രസർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‌ കീഴിലുള്ള മിനിരത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്‌.എൽ.എൽ ലൈഫ്കെയർ 2015ലാണ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവ‌ർത്തനം തുടങ്ങിയത്.

പരിശോധനകൾക്ക്‌ കുറഞ്ഞ നിരക്ക്‌
സ്വകാര്യ ലാബുകളെ അപേക്ഷിച്ച്‌ 30മുതൽ 50 ശതമാനം വരെ കുറഞ്ഞ ചെലവിൽ വിവിധ പരിശോധനകൾ ഹിന്ദ്‌ലാബുകളിൽ ലഭ്യമാണ്. ബ്ലഡ്‌ റൂട്ടിന്‍ 94രൂപ, പ്രമേഹം 15രൂപ, കൊളസ്‌ട്രോൾ 40 രൂപ, തൈറോയ്‌ഡ്‌ ഫംഗ്ഷൻ ടെസ്റ്റ്‌ 220രൂപ, ലിവർ ഫംഗ്ഷൻ ടെസ്റ്റ്‌ 240രൂപ, ലിപിഡ്‌ പ്രൊഫൈൽ 245രൂപ എന്നിങ്ങനെയാണ് ഇവിടുത്തെ രക്തപരിശോധന നിരക്കുകൾ.

ഡിജിറ്റൽ എക്‌സ്‌റേ 125രൂപ മുതൽ ലഭ്യമാണ്‌. ഇസിജി 80രൂപ, എക്കോ 900രൂപ, ടി.എം.ടി 800രൂപ എന്നിങ്ങനെയാണ്‌ മറ്റ്‌ നിരക്കുകൾ.

വിവിധ അൾട്രാസൗണ്ട്‌ സ്‌കാനിംഗുകൾക്കും നിരക്കുകൾ വളരെ കുറവാണ്‌. സി.ടി സ്‌കാൻ ബ്രെയിനിന്‌ 1100രൂപയും മാത്രമാണ്‌ നിരക്ക്‌.

മുതി‌ർന്ന പൗരന്മാർക്കും കിടത്തി ചികിത്സയിലുള്ള ബി.പി.എൽ വിഭാഗാഗത്തിലുള്ള രോഗികൾക്കും സൗജന്യ നിരക്കിൽ പരിശോധനകൾ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടെ ലഭ്യമല്ലെന്നാണ് നാട്ടുകാ‌ർ പറയുന്നത്.

ഐ.സി.യു ബ്ളോക്ക് നി‌ർമ്മാണം നിലച്ചു

എം.എൽ.എ ഫണ്ടിൽ നിന്നും ഒന്നരക്കൊടി രൂപ ചെലവിട്ട് അത്യാഹിത വിഭാഗം കെട്ടിടത്തിന് മുകളിലായി പണി ആരംഭിച്ച ഐ.സി.യു ബ്ളോക്കിന്റെ നിർമ്മാണം നിലച്ച സ്ഥിതിയാണ്. അമ്മയും കുഞ്ഞും ബ്ളോക്കിൽ നിന്നും ഐ.സി.യുവിലേക്ക് എളുപ്പത്തിൽ എത്താനായി പണിയുന്ന സ്കൈവാക്കിന് ഒന്നര കോടി രൂപയാണ് ടെൻഡർ തുക. 90ലക്ഷം രൂപ അനുവദിച്ചിട്ടും ഇതിന്റെ പണികളും എങ്ങുമെത്തിയില്ല. ഈ രണ്ട് പണികളും പൂ‌ർത്തിയാക്കുവാനായി നാട്ടുകാ‌ർ ചേർന്ന് എൻ.ശക്തൻ എം.എൽ.എക്ക് നിവേദനം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL