വിതുര: വിതുര ഗവ.ഹൈസ്കൂൾ താലൂക്ക് ആശുപത്രി റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൊട്ടടുത്ത് വിതുര ഡിപ്പോ സജീവമായി പ്രവർത്തിച്ചിട്ടും അനക്കമില്ല. ലക്ഷക്കണക്കിന് രൂപ മുടക്കി അടുത്തിടെ വിതുര ഗവ.താലൂക്ക് ആശുപത്രി-ഗവ.ഹൈസ്കൂൾ റോഡ് നവീകരിച്ചിരുന്നു.
വിതുരയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ ആശുപത്രി- ഹൈസ്കൂൾ ജംഗ്ഷൻ വഴി ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ട് അരനൂറ്റാണ്ടാകുന്നു. വിതുരപഞ്ചായത്തിലെ പ്രധാന ഓഫീസുകളും ആശുപത്രികളും സ്കൂളുകളും സ്ഥിതി ചെയ്യുന്ന ഈ മേഖല വഴി ബസ് സർവീസ് ആരംഭിക്കാത്തത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
പഞ്ചായത്ത്‌ഓഫീസ്, സബ്ട്രഷറി, യു.പി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, താലൂക്ക് ആശുപത്രി, മൃഗാശുപത്രി തുടങ്ങി വിതുരയിലെ പ്രധാന സ്ഥാപനങ്ങൾ ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. വിതുരഹൈസ്കൂൾ, യു.പി.എസ് എന്നിവിടങ്ങളിലായി നാലായിരത്തിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ദിവസവും ആയിരങ്ങൾ കടന്നുപോകുന്ന പ്രധാനറൂട്ടിലാണ് ബസ് സർവീസില്ലാത്തത്. വിതുരകലുങ്ക്, കൊപ്പം, ശിവൻകോവിൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തണമെങ്കിൽ കാൽനടയാത്രയാണ് ശരണം.
റോഡ് നവീകരിച്ചിട്ടും ബസില്ല
വിതുര താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്നുതരിപ്പണമായി കിടക്കുകയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച തുകവിനിയോഗിച്ച് അടുത്തിടെ ടാറിംഗ് നടത്തിയിരുന്നു.
റൂട്ട് മാറ്റണമെന്ന്
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും വിതുരയിലെത്തുന്ന ഓർഡിനറി ബസുകൾ കലുങ്ക് ജംഗ്ഷൻ-കൊപ്പം- ആശുപത്രി ജംഗ്ഷൻ-ഹൈസ്കൂൾ ജംഗ്ഷൻ വഴി സ്റ്റാൻഡിലേക്ക് പോകുന്ന രീതിയിലോ, വിതുര കലുങ്ക് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഗ്രാമീണ സർവീസുകൾ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കൊപ്പം - കലുങ്ങ് ജംഗ്ഷൻ - വഴി പോകുന്ന രീതിയിലോ പരീക്ഷണ അടിസ്ഥാനത്തിലെങ്കിലും സർവീസ് ആരംഭിക്കണമെന്നാണ് പൊതുവായ ആവശ്യം.
സമരം നടത്തും
ഈ മേഖലയിൽ നിന്നും ഒരോ മിനിട്ടിലും രോഗികളടക്കം പത്തോളം പേരാണ് 700മീറ്റർ അപ്പുറമുള്ള കലുങ്ക് ജംഗ്ഷൻ, ശിവൻകോവിൽ ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് നടന്നു പോകുന്നത്. കെ.എസ്.ആർ.ടി.സിമേധാവികൾക്ക് ഇതുസംബന്ധിച്ച് അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടിയില്ല. ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |