തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ നീക്കം. പൗണ്ട്കടവ് വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര അംഗം സുധീഷ് കുമാറിനെ മുന്നിൽ നിറുത്തി എൽ.ഡി.എഫ്,യു.ഡി.എഫ് കൗൺസിലർമാരുടെ പിന്തുണയോടെ പ്രമേയം അവതരിപ്പിക്കാനാണ് ആലോചന. ആകെ അംഗങ്ങളിൽ 33 ശതമാനം പേരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ നോട്ടീസ് നൽകാൻ കഴിയൂ എന്നതാണ് നിയമം. ഇതിനായി 101 അംഗങ്ങളുള്ള കൗൺസിലിലെ 34 പേർ ഒപ്പിടണം.
അവിശ്വാസത്തിന് നോട്ടീസ് നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ 20 കൗൺസിലർമാരുള്ള യു.ഡി.എഫിനും 29 അംഗങ്ങളുള്ള എൽ.ഡി.എഫിനും ഒറ്റയ്‌ക്ക് നോട്ടീസ് നൽകാനാകില്ല. അതിനാലാണ് സ്വതന്ത്രനെ മുന്നിൽ നിറുത്താൻ ആലോചിക്കുന്നത്. ഇങ്ങനെ ആകുമ്പോൾ കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ചെന്ന ആക്ഷേപവും ഒഴിവാക്കാനാകും. എന്നാൽ സി.പി.എം ജില്ലാ കമ്മിറ്റിയിൽ ഇതിന്റെ സാദ്ധ്യതകൾ ആലോചിക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ എൽ.ഡി.എഫ് നിലപാടും നിർണായകമാകും.
നിലവിൽ 50 കൗൺസിലർമാരുള്ള ബി.ജെ.പി സ്വതന്ത്ര അംഗം പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ഭരിക്കുന്നത്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ കാപ്പാക്കേസിൽ ജയിലിലാവുകയും സത്യപ്രതിജ്ഞയിൽ ഹൈക്കോടതി ചട്ടലംഘനം ചൂണ്ടിക്കാട്ടുകയും ചെയ്‌തതോടെ കൗൺസിലറായി തുടരാനാകുമോ എന്നതിൽ ആശങ്കയുണ്ട്. പുനർ സത്യപ്രതിജ്ഞ നടക്കാതായാൽ കൗൺസിലർ സ്ഥാനവും നഷ്ടമാകും. നാലാഴ്ചക്കകം ചട്ടപ്രകാരം സത്യ പ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി ഉത്തരവിലുള്ളത്. കാപ്പാക്കേസിൽ നിന്ന് ഒഴിവാക്കാനും പുനർ സത്യപ്രതിജ്ഞ നടത്താൻ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുഗതൻ. സുഗതന് സ്ഥാനം നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ അവിശ്വാസത്തിന് നീക്കമുണ്ടാകും. അതേസമയം കാപ്പാക്കേസ് ഒഴിവാക്കുകയോ സത്യപ്രതിജ്ഞ ചെയ്യാൻ കോടതി അനുവദിക്കുകയോ ചെയ്‌താൽ പ്രതിപക്ഷം നീക്കം നടത്താൻ സാദ്ധ്യതയില്ല.
അവിശ്വാസ പ്രമേയം
അവതരിപ്പിക്കുമെന്ന് യു.ഡി.എഫ്
കോർപ്പറേഷനിൽ ബി.ജെ.പി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ കെ.എസ്.ശബരീനാഥൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ഭരണസ്തംഭനമെന്ന് ആരോപിച്ചാണിത്.
അവിശ്വാസപ്രമേയത്തെ
സ്വാഗതം ചെയ്യുന്നതായി മേയർ
യു.ഡി.എഫിന്റെ അവിശ്വാസപ്രമേയത്തെ സ്വാഗതം ചെയ്യുന്നതായി മേയർ വി.വി. രാജേഷ് പറഞ്ഞു. അഞ്ചുവർഷത്തേക്കും അതിനുശേഷവും ബി.ജെ.പി
ഏറ്റവും സേഫ് ആണെന്നും പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടുമെന്നും മേയർ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |