
പൈതൃക നടപ്പാത നവീകരണം,റോപ് വേ,അമിനിറ്രി സെന്റർ എന്നിവ പരിഗണനയിൽ
തിരുവനന്തപുരം; സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പൊന്മുടിയിൽ ഇനി വികസനത്തിന്റെ കാറ്റ്. പൊന്മുടി - ബ്രൈമൂർ പൈതൃക നടപ്പാത നവീകരണം,പൊന്മുടി റോപ്പ് വേ,അമിനിറ്റി സെന്റർ എന്നിവയ്ക്കായി ബഡ്ജറ്റിൽ നാലുകോടിയുടെ പദ്ധതികളാണ് വകയിരുത്തിയത്. പൊന്മുടിയുമായി ബന്ധപ്പെടുത്തി പെരിങ്ങമ്മല,ബ്രൈമൂർ മേഖലയെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പഴയ ബ്രൈമൂർ-പൊന്മുടി കുതിരപ്പാത നവീകരണവും പൊന്മുടി-റോപ്പ് വേയും സാദ്ധ്യമാക്കുന്നത്.
റോപ് വേ സ്ഥാപിക്കാനും പൈതൃക പാത നവീകരിക്കാനും വനംവകുപ്പിന്റേതടക്കം അനുമതി നേടേണ്ടിവരും. പൊന്മുടിയിൽ വിനോദസഞ്ചാരികൾക്കായി കൂടുതൽ പരിസ്ഥിതി സൗഹൃദ സൗകര്യങ്ങൾ ഒരുക്കാനാണ് അമിനിറ്റി സെന്റർ ആലോചിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടന പത്രികയിൽ വാഗ്ദാനം നൽയിരുന്നതനുസരിച്ച് ഇതേ പദ്ധതികളുടെ പഠനത്തിന് 50 ലക്ഷം ബഡ്ജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും പ്രവർത്തനങ്ങൾ യോഗങ്ങളിൽ ഒതുങ്ങിയിരുന്നു.
വിനോദ സഞ്ചാര മേഖലയ്‌ക്ക് കുതിപ്പേകും
നിലവിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാൻ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിക്കണം. പൊന്മുടി സ്ഥിതി ചെയ്യുന്ന പെരിങ്ങമ്മല പഞ്ചായത്തിനും തൊട്ടടുത്തുള്ള വിതുരയ്ക്കും സമീപ പഞ്ചായത്തുകൾക്കും പദ്ധതി നേട്ടമാകും. മങ്കയം എക്കോ ടൂറിസം പദ്ധതിയിലടക്കം സഞ്ചാരികളെത്തും. ബ്രിട്ടിഷുകാരുടെ കാലത്ത് നിർമ്മിച്ച കുതിരപ്പാത നവീകരിക്കുന്നത് സാഹസിക വിനോദ സഞ്ചാരത്തിന് സാദ്ധ്യത കൂട്ടും.
റോപ് വേയും പൈതൃക പാത നവീകരണവും പൊന്മുടിയുടെ മുഖച്ഛായ മാറ്റും.
പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും വാങ്ങി സമയബന്ധിതമായി നടപ്പാക്കും.
-സുധീർഷാ പാലോട് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |