SignIn
Kerala Kaumudi Online
Monday, 21 September 2026 8.09 PM IST

എച്ച് 1 എൻ 1 ബാധിച്ച് രണ്ടു മരണം; വൈറൽ പനിയും കൂടുന്നു

മലപ്പുറം: ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ എച്ച്1 എൻ1 ബാധിച്ച് രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചു. വഴിക്കടവ് സ്വദേശിയായ 50 വയസ്സുകാരനും പാണക്കാട് സ്വദേശിയായ 74 വയസ്സുകാരനുമാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ജില്ലയിൽ പൊതുവെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഉയർന്ന നിലയിൽ തുടരുന്നതിനിടയിലാണ് എച്ച്1 എൻ1 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരായ വ്യക്തികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങളിലൂടെ വായു വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. കടുത്ത പനി, ചുമ, തൊണ്ടവേദന, മൂക്കടപ്പ്, കടുത്ത അസ്വസ്ഥതയും ക്ഷീണവും, ശ്വാസമെടുക്കാനുള്ള പ്രയാസം എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഹൃദ്രോഗം, ആസ്ത്മ, പ്രമേഹം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ രോഗബാധിതരുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കണം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ആരോഗ്യകേന്ദ്രങ്ങളിൽ വൈദ്യസഹായം ഉറപ്പാക്കുക.

പനിയിൽ വിറച്ച്

  • ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രതിദിനം രണ്ടായിരത്തിലധികം പേരാണ് പനി ലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തുന്നത്.
  • പനിബാധിതരുടെ എണ്ണത്തിൽ മലപ്പുറമാണ് സംസ്ഥാനത്ത് ഏറ്റവും മുന്നിൽ. ഒരാഴ്ചക്കിടെ 13,​273 പേർക്കാണ് പനി ബാധിച്ചത്. 2000-2500 രോഗികൾ ദിനംപ്രതി ചികിത്സ തേടുന്നുണ്ട്.
  • വയറിളക്ക രോഗങ്ങളും ജില്ലയിൽ വ്യാപകമായിട്ടുണ്ട്. പ്രതിദിനം ശരാശരി 300ഓളം പേരാണ് ചികിത്സ തേടുന്നത്.
  • മഞ്ചേരി, പെരിന്തൽമണ്ണ, പാണ്ടിക്കാട്, കൊണ്ടോട്ടി, എടയൂർ, പള്ളിക്കൽ, ചെറുകാവ്, വെട്ടക്കോട്, കീഴുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • അമരമ്പലം, നിലമ്പൂർ, വഴിക്കടവ്, ചുങ്കത്തറ, തിരുനാവായ, വാഴക്കാട്, കീഴാറ്റൂർ, മങ്കട, കരുവാരകുണ്ട് എന്നിവിടങ്ങളിൽ എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുനാവായ സ്വദേശിയായ 73കാരി എലിപ്പനി ബാധിച്ച് മരണപ്പെട്ടിരുന്നു.

ദിവസം............................ പനിബാധിതർ

സെപ്തംബർ 5 ............... 2,454

6ന്................................. 717

7ന് ................................ 2,496

8ന് ................................ 2,089

9ന് ................................. 2,139

10ന്................................. 2,133

11ന്................................. 1,962

ആകെ..............................13,​273

പനിയും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളോ കടുത്ത പനിയോ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം.

ആരോഗ്യവകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL