SignIn
Kerala Kaumudi Online
Sunday, 28 June 2026 3.03 AM IST

അപേക്ഷ നൽകിയത് അറിഞ്ഞില്ല , കാത്തിരുന്നത് മൂന്നാം റാങ്ക്

diya
ദിയ ഫാത്തിമ

മലപ്പുറം: കീം പരീക്ഷയ്ക്ക് അപേക്ഷ നൽകിയ കാര്യം പോലും രണ്ടാഴ്ച കഴിഞ്ഞാണ് മലപ്പുറം കാവുങ്ങൽ സ്വദേശിനിയായ ദിയ ഫാത്തിമ അറിയുന്നത്. എന്നാൽ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാന തലത്തിൽ ബിഫാമിൽ മൂന്നാം റാങ്ക് നേടി ഈ 19കാരി. അപ്രതീക്ഷിതമായി കൈവന്ന ഈ വിജയത്തിന്റെ സന്തോഷത്തിലാണ് ദിയയുടെ നടുക്കണ്ടിയിൽ വീട്. നീറ്റ് എഴുതി ഡോക്ടറാവുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോയ ദിയയുടെ ചിന്തകളിൽ കീം പരീക്ഷയേ ഉണ്ടായിരുന്നില്ല. എന്നാൽ, കേരളത്തിൽ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടണമെങ്കിൽ കീം രജിസ്‌ട്രേഷൻ നിർബന്ധമായതിനാൽ അപേക്ഷ സമർപ്പിച്ച അക്ഷയ സെന്ററിലെ ജീവനക്കാരാണ് ദിയയുടെ പേരിൽ കീമിനും അപേക്ഷ നൽകിയത്.
മഞ്ചേരിയിലെ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് റിപ്പീറ്റ് ചെയ്യുകയായിരുന്ന ദിയ, ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തി അപേക്ഷ പരിശോധിച്ചപ്പോഴാണ് കീമിനും അപേക്ഷിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുന്നത്. പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാന തലത്തിൽ മൂന്നാം റാങ്കിലേക്ക് എത്താൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്ന് ദിയ പറയുന്നു. നീറ്റ് പരീക്ഷാഫലം വരുമ്പോഴും റാങ്ക് പട്ടികയുടെ മുൻനിരയിൽ തന്നെയുണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഈ മിടുക്കി.

രാവിലെ എട്ട് മുതൽ വൈകിട്ട് 4.30 വരെയുള്ള ക്ലാസും തുടർന്നുള്ള ചിട്ടയായ പഠനവുമാണ് ദിയ തന്റെ വിജയത്തിനായി മാറ്റിവെച്ചത്. കൂടുതൽ സമയം പഠനത്തിൽ ശ്രദ്ധിക്കാനായി വീട്ടിൽ നിന്ന് ഏറെ ദൂരെയല്ലെങ്കിലും ഹോസ്റ്റലിലാണ് താമസിക്കുന്നത്.

ടൈലറിംഗ് നടത്തുന്ന എ.എൻ.ഇബ്രാഹിമിന്റെയും നസീറ മോളുടെയും മകളാണ്. മുഹമ്മദ് റാസി, മുഹമ്മദ് റബീഹ്, മുഹമ്മദ് അസ്ലം എന്നിവർ സഹോദരങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL