കോഴിക്കോട്: കെ.എസ്.ആർ.ടി.സിക്ക് 40 ലക്ഷം രൂപ ചെലവിൽ കോഴിക്കോട് സിറ്റി സർവീസ് സഹകരണ സംഘം വാങ്ങി നൽകിയ ബസ് ഇന്ന് മുതൽ സർവീസ് നടത്തും. രജതജൂബിലിയുടെ ഭാഗമായി സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി വാങ്ങിയ ബസ് ഇന്നലെ കോഴിക്കോട് ഡിപ്പോയിലെത്തിച്ചു. ബസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് അഞ്ചിന് ചാലപ്പുറത്തെ സംഘത്തിന്റെ ഹെഡ് ഓഫീസിൽ ഗതാഗതമന്ത്രി സി.പി. ജോൺ നിർവഹിക്കും. തുടർന്ന് ബസ് കോഴിക്കോട് ഡിപ്പോയിൽ നിന്നും 10 ഓടെ എം.വി ആർ കാൻസർ സെന്ററിലേക്കും തിരിച്ച് കോഴിക്കോടേക്കും സർവീസ് നടത്തും. 7.30 ഓടെ കോഴിക്കോട് ഡിപ്പോയിൽ നിന്ന് കാസർകോടേക്ക് സർവീസ് നടത്തും. കാസർകോട് നിന്ന് പുലർച്ചെ നാല് മണിയോടെ പുറപ്പെടുന്ന ബസ് രാവിലെ 11 ഓടെ കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിലെത്തും. വൈകിട്ട് 5.30ന് കാൻസർ സെന്ററിൽ നിന്ന് തിരിച്ച് കാസർകോട്ടേക്ക് സർവീസ് നടത്തും. കോഴിക്കോട് –പാലക്കാട്–പറമ്പിക്കുളം റൂട്ടിൽ സർവീസ് നടത്താനായിരുന്നു ആദ്യപദ്ധതി. എന്നാൽ വനമേഖലയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണങ്ങളും മറ്റ് പ്രായോഗിക തടസങ്ങളും കണക്കിലെടുത്താണ് റൂട്ട് കാസർകോട്ടേക്ക് മാറ്റിയത്. കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങിനൽകുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യമായി മുന്നോട്ടുവന്നത് കോഴിക്കോട് സിറ്റി സർവീസ് സഹകരണ സംഘമാണ്. സംഘത്തിന്റെ മാതൃകാപരമായ ഇടപെടലിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങിനൽകാൻ സംഭാവനകളുമായി മുന്നോട്ടുവന്നിരുന്നു.
കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി
രജതജൂബിലി ആഘോഷങ്ങൾക്ക് 25ന് തുടക്കം
കോഴിക്കോട്: സഹകരണ മേഖലയിൽ കാൽനൂറ്റാണ്ടിന്റെ വളർച്ച പിന്നിടുന്ന കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് 25ന് തുടക്കമാകും. വൈകിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സഹകരണ, എക്സൈസ് മന്ത്രി എം. ലിജു അദ്ധ്യക്ഷത വഹിക്കും. ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2002 ജൂലായ് 25ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പ്രവർത്തനം ആരംഭിച്ച സംഘം ഇന്ന് 1,891 കോടി രൂപയുടെ പ്രവർത്തന മൂലധനവുമായി കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിലൊന്നാണ്. നഗര പരിധിയിൽ 26 ശാഖകളാണ് സംഘത്തിനുള്ളത്. വാർത്താസമ്മേളനത്തിൽ പ്രീമ മനോജ്, അഡ്വ. ടി.എം. വേലായുധൻ, അഡ്വ. എ. ശിവദാസ്, കെ. അജയകുമാർ, എം.പി. അബ്ദുൽ ഹമീദ്, പി.എ. ജയപ്രകാശ്, വി. സജീവ്, കെ.ടി. ബീരാൻ കോയ, ഷിംമ്ന പി.എസ്., ഷോണിമ അരവിന്ദ്, ജനറൽ മാനേജർ സാജു ജെയിംസ്, എ. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |