SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

ഹൃദയത്തോട് ചേർക്കാം ആരോഗ്യമേഖലയെ

ആരോഗ്യരംഗത്തെ സുപ്രധാന പ്രശ്നങ്ങൾ ചർച്ചയാക്കി കേരളകൗമുദി ഹെൽത്ത് റേയ്‌സ് കോൺക്ലേവ്

കോട്ടയം: രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണം വർദ്ധിക്കുന്നുണ്ടോ? സർക്കാർ ആശുപത്രികളിലെ തിരക്കും ഡോക്ടർമാരുടെ ജോലിഭാരവും മുതൽ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയും ആശുപത്രി ജീവനക്കാരുടെ സുരക്ഷയും ഉൾപ്പെടെയുള്ള ആരോഗ്യരംഗത്തെ വിവിധ പ്രശ്‌നങ്ങൾ വരെ കോൺക്ലേവിൽ ചർച്ചയായി. സർക്കാർ ആശുപത്രികളിൽ ട്രോമ സെന്ററുകൾ സ്ഥാപിക്കണമെന്നും ഡോക്ടർമാർക്ക് മെച്ചപ്പെട്ട തൊഴിൽസാഹചര്യം ഉറപ്പാക്കണമെന്നും ചെറുകിട ആശുപത്രികളുടെ ലൈസൻസ് നടപടികൾ ലളിതമാക്കണമെന്നും വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിപ്രായപ്പെട്ടു.

ഉയർന്നത് നിരവധി മികച്ച നിർദേശങ്ങൾ

സമ്മർദം ചികിത്സയെ ബാധിക്കരുത്:
ഡോ.പി.കെ ബാലകൃഷ്ണൻ

(നൂറോ സർജറി മേധാവി, അൽ-അസർ മെഡിക്കൽ കോളേജ് തൊടുപുഴ)

പുതിയ തലമുറ സാമൂഹിക അവബോധത്തോടെയാണ് വളരുന്നതെന്നും ചികിത്സാരംഗത്തും അർപ്പണബോധത്തിന് കുറവില്ലെന്നും ഡോ.പി.കെ ബാലകൃഷ്ണൻ പറഞ്ഞു. ചില അപാകതകളുടെ പേരിൽ ആരോഗ്യരംഗത്തെ വിലയിരുത്തുന്നത് ശരിയല്ല. ആശുപത്രികളിലെ തിരക്കും മറ്റ് സാഹചര്യങ്ങളും ഡോക്ടർമാരെയും സമ്മർദത്തിലാക്കാറുണ്ട്. എന്നാൽ ഈ സമ്മർദം ചികിത്സയെ ബാധിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. മെഡിക്കൽ കോളേജുകളിൽ ജൂനിയർ ഡോക്ടർമാർ മുതൽ നഴ്‌സുമാർ വരെയുള്ളവരുടെ കൂട്ടായപ്രവർത്തനമാണ് ചികിത്സയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ കൂട്ടായ്മയിൽ പിഴവുകൾ പരസ്പരം ചൂണ്ടിക്കാട്ടാനും തിരുത്താനും കഴിയും. അവയവദാനത്തെക്കുറിച്ച് ശരിയായ അവബോധം വളർത്തുന്ന രീതിയിൽ മാദ്ധ്യമങ്ങൾ ഇടപെടണം.


മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു:
(ഡോ.റ്റിജി തോമസ്, സൂപ്രണ്ട്, മെഡിക്കൽ കോളേജ് കോട്ടയം)

കോട്ടയം മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റിയെന്നും മൈക്രോബയോളജി വിഭാഗവും ഉടൻ മാറ്റുമെന്നും ഡോ.റ്റിജി തോമസ് പറഞ്ഞു. മുമ്പ് രോഗികൾ നിലത്ത് കിടക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്ന പരാതി ഉയർന്നിരുന്നെങ്കിലും നിലവിൽ ആരും നിലത്ത് കിടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളുടെ സഞ്ചാരം സുഗമമാക്കാൻ മന്ത്രി സമ്മാനിച്ച മൂന്ന് ഇലക്ട്രിക് ഓട്ടോകളും ആശുപത്രിയിൽ ഉപയോഗിക്കുന്നുണ്ട്.

അയൽജില്ലകളിലെ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കണം:

(കെ.കെ പുഷ്പാംഗദൻ, ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് ഡയറക്ടർ)

ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി രോഗികൾ കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നുണ്ടെന്ന് ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് ഡയറക്ടർ കെ.കെ പുഷ്പാംഗദൻ പറഞ്ഞു. മറ്റ് ജില്ലകളിലെ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കോട്ടയത്തെ രോഗികളുടെ തിരക്ക് കുറയ്ക്കാനാകും. ഇടുക്കിയിലെ നെടുങ്കണ്ടം, കട്ടപ്പന, അടിമാലി മേഖലകളിൽ നിന്നുള്ളവർ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ തേനി മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്.
കേരളത്തിൽ നിന്ന് നേത്രചികിത്സയ്ക്കായി ഉൾപ്പെടെ നിരവധി പേർ മധുരയിലേക്ക് പോകുന്ന സാഹചര്യത്തിൽ സർക്കാർ തലത്തിൽ കണ്ണാശുപത്രി ആരംഭിക്കേണ്ടതുണ്ട്.

ട്രോമ സെന്ററുകൾ അനിവാര്യം:
(ഡോ.ദയാനന്ദ ബാബു, ജനറൽ സർജറി മേധാവി, ഗോകുലം മെഡിക്കൽ കോളേജ്)

റോഡപകടങ്ങളും മറ്റ് അടിയന്തര അപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളോടുകൂടിയ ട്രോമ സെന്ററുകൾ സ്ഥാപിക്കണമെന്ന് ഡോ.ദയാനന്ദ ബാബു ആവശ്യപ്പെട്ടു. അപകടത്തിന് ശേഷമുള്ള ആദ്യ മണിക്കൂറുകൾ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്. എന്നാൽ അടിയന്തര ചികിത്സാസൗകര്യങ്ങളുടെയും വിദഗ്ധ ഡോക്ടർമാരുടെയും ഉപകരണങ്ങളുടെയും അഭാവത്തിൽ രോഗികളെ മറ്റാശുപത്രികളിലേക്ക് മാറ്റേണ്ടിവരുന്നത് ചികിത്സ വൈകിപ്പിക്കുന്നു. പരിശീലനം ലഭിച്ച ഡോക്ടർമാർ, ശസ്ത്രക്രിയാ സൗകര്യങ്ങൾ, അടിയന്തര പരിശോധനാ സംവിധാനങ്ങൾ, വെന്റിലേറ്റർ തുടങ്ങിയവ ട്രോമ സെന്ററുകളിൽ ഉറപ്പാക്കണം.

ഡോക്ടർമാർക്ക് നിശ്ചിത ഡ്യൂട്ടി സമയം വേണം:
പി.യു തോമസ് (കോട്ടയം നവജീവൻ ട്രസ്റ്റി)

നഴ്‌സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും നിശ്ചിത ഡ്യൂട്ടി സമയമുണ്ടെങ്കിലും ഡോക്ടർമാർക്ക് രാവിലെ ആരംഭിക്കുന്ന ജോലി രാത്രിയായാലും അവസാനിക്കാത്ത സാഹചര്യമുണ്ടെന്ന് പി.യു തോമസ് പറഞ്ഞു. അമിതജോലിഭാരം ഡോക്ടർമാരുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ ലാബുകൾ ഒരിടത്ത് കേന്ദ്രീകരിക്കുന്നത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗകര്യപ്രദമാകും. ആശുപത്രികളിലെ കാഷ്വാലിറ്റികളിൽ രോഗികളുടെ കൂട്ടിരിപ്പുകാർ സംഘർഷമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഇടപെടാൻ സാമൂഹിക പ്രവർത്തകരുടെ സേവനം ഉറപ്പാക്കണം. പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കാൻ കഴിവുള്ള സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യം ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും സുരക്ഷയ്ക്ക് സഹായകമാകും. നവജീവൻ പോലുള്ള സന്നദ്ധസംഘടനകൾ നൽകുന്ന സേവനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കണം.

ലൈസൻസ് നടപടികൾ ലളിതമാക്കണം
(മാത്യൂസ് മാത്യു വള്ളിക്കാട്)

ചെറുകിട ആശുപത്രികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ലൈസൻസ് നടപടികളിലെ കാലതാമസമാണെന്ന് മാത്യൂസ് മാത്യു വള്ളിക്കാട് പറഞ്ഞു. അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങളിലൂടെ സമർപ്പിക്കുന്ന സംവിധാനം നിലവിലുണ്ടെങ്കിലും എല്ലാ കേന്ദ്രങ്ങൾക്കും ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ലാത്തത് നടപടികൾ വൈകാൻ ഇടയാക്കുന്നു. പരിശീലനം ലഭിച്ച അക്ഷയ കേന്ദ്രങ്ങളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചാൽ ആശുപത്രികൾക്ക് ലൈസൻസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായകമാകും.


ആശുപത്രികൾ തമ്മിൽ ഏകോപനമുണ്ടാകണം:
(ഡോ.വിഷ്ണു മോഹൻ)

സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും തമ്മിൽ മികച്ച ഏകോപനമുണ്ടെങ്കിൽ മാത്രമേ ജനങ്ങൾക്ക് ശരിയായ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനാകൂവെന്ന് ഡോ.വിഷ്ണു മോഹൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗം മികച്ചത്. എന്നാൽ നിലവിലെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകണം. സിദ്ധ, ആയുർവേദം, പ്രകൃതിചികിത്സ തുടങ്ങിയ ചികിത്സാരീതികൾക്കും ആരോഗ്യസംവിധാനത്തിൽ സ്ഥാനമുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുമ്പോൾ മാദ്ധ്യമങ്ങൾ വസ്തുതകൾ കൃത്യമായി പരിശോധിക്കണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരോഗ്യരംഗത്തെ മുഴുവൻ മോശമായി ചിത്രീകരിക്കുന്നത് ജനങ്ങളിൽ അനാവശ്യഭീതി സൃഷ്ടിക്കാം.

ജനറൽ ആശുപത്രിയിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കണം:
ഡോ. സുഷമ (സൂപ്രണ്ട്, ജനറൽ ആശുപത്രി കോട്ടയം)

മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാൻ ജനറൽ ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങളും ചികിത്സാ ഉപകരണങ്ങളും വർദ്ധിപ്പിക്കണം. മറ്റ് ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ പ്രതിദിനം രണ്ടായിരത്തിലധികം പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാസേവനങ്ങൾ വിപുലീകരിക്കുകയും ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ചു ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CONCLAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL