
കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ 'ഏഴരപ്പൊന്നാന'യിലെ സ്വർണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്ത് ഭക്തജനങ്ങൾ. സ്വമേധയ ഹൈക്കോടതി എടുത്ത കേസിൽ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. സ്വർണത്തിന്റെ തൂക്കം, ഗുണനിലവാരം, മാറ്റ് എന്നിവ കൃത്യമായി പരിശോധിക്കുന്നതിന് ഒരു സ്വർണപ്പണിക്കാരന്റെ സേവനവും തേടാമെന്നും പറയുന്നുണ്ട്. ഏഴരപ്പൊന്നാനയുടെ സ്വർണപ്പാളികൾ അടുത്തിടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും വിധേയമാക്കിയെന്നും സ്വർണപ്പാളികൾ മാറ്റി പകരം ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ചേർത്തുവെന്നും സംശയിക്കുന്നതായി ഭക്തൻ നൽകിയ പരാതിയെ തുടർന്നായിരുന്നു കോടതി ഇടപെടൽ. സ്വർണം പൊതിഞ്ഞ ഏഴരപ്പൊന്നാനകളെ പുറത്തുകൊണ്ട് പോയി അറ്റകുറ്റപ്പണി നടത്തുന്നതിനെ ഭക്തജനങ്ങൾ എതിർത്തതോടെ നീക്കം ഉപേക്ഷിച്ചെങ്കിലും തങ്ങൾ അറിയാതെ എന്തെങ്കിലും 'പണി' നടന്നോ എന്ന സംശയം ബലപ്പെട്ടതോടെ അന്വേഷണം നടക്കട്ടെയെന്ന നിലപാടാണ് ഭക്തജനങ്ങൾ പ്രകടിപ്പിക്കുന്നത്.
നീക്കം നടന്നത് മുരാരി ബാബുവിന്റെ കാലത്ത്
ശബരിമല സ്വർണക്കൊള്ളകേസിൽ പ്രതിയായ അടുത്തിടെ അന്തരിച്ച മുരാരി ബാബു ഏറ്റുമാനൂർ അഡ്മിനിസ്ടേറ്റീവ് ഓഫീസറായിരുന്ന കാലത്താണ് ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകൾ കണ്ടെത്തി പുറത്ത് കൊണ്ടു പോയി അറ്റകുറ്റപണി നടത്തൻ ശ്രമം നടത്തിയത്. എന്നാൽ ക്ഷേത്രത്തിനുള്ളിൽ പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിൽ അറ്റകുറ്റപ്പണി മതിയെന്ന് ഭക്തർ നിലപാടെടുക്കുകയായിരുന്നു.
വർഷത്തിലൊരിക്കൽ പുറത്തെടുക്കും
പ്ലാവിൻ തടിയിൽ പതിമൂന്നുകിലോ സ്വർണം പൊതിഞ്ഞ രണ്ടടി ഉയരമുള്ള ഏഴ് വലിയ ആനകളും ഒരടിയുള്ള ചെറിയ ആനയും ഉൾപ്പെടുന്നതാണ് ഏഴരപ്പൊന്നാന. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എട്ടാം ഉത്സവം മുതൽ ആറാട്ടുവരെയുള്ള എഴുന്നള്ളിപ്പിനാണ് വർഷത്തിലൊരിക്കൽ മാത്രം സ്ട്രോംഗ് റൂമിൽ നിന്ന് പുറത്തെടുക്കുന്നത്.
''ദേവസ്വം ഓംബുഡ്സ്മാന്റെ സാന്നിദ്ധ്യത്തിൽ ഭക്തജനങ്ങളുടെ പ്രതിനിധിയായി ഏഴരപ്പൊന്നാന പരിശോധിച്ച സംഘത്തിൽ ഉണ്ടായിരുന്നു. ഒരു ആനയുടെ വാൽ മുറിഞ്ഞതായി കണ്ടെത്തിയിരുന്നു. മറ്റു കുഴപ്പങ്ങൾ കണ്ടില്ല. ഭക്തജനങ്ങൾ അറിയാതെ പിന്നീട് അറ്റകുറ്റപ്പണി നടത്തിയോ എന്നും അറിയില്ല. സ്വർണത്തിടമ്പിന്റെ കേടുപാടുകൾ തീർത്തിരുന്നു.
-ഗണേഷ് ഏറ്റുമാനൂർ
''ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന പരിശോധന നടക്കട്ടെ. സ്വാഗതം ചെയ്യുന്നു.
വി.എൻ.വാസവൻ, മുൻ ദേവസ്വം മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |