
പാലാ: പാലാ നഗരസഭാ ഭരണപക്ഷത്ത് ഉടലെടുത്ത രൂക്ഷമായ അഭിപ്രായ ഭിന്നത പരിഹരിക്കാൻ ഉന്നത യു.ഡി.എഫ് നേതാക്കൾ നെട്ടോട്ടത്തിൽ. ഇന്നലെ ഔദ്യോഗിക ചർച്ചകളൊന്നും ഉണ്ടായില്ലെങ്കിലും സ്വതന്ത്ര കൂട്ടായ്മ മുന്നണിയുമായും കോൺഗ്രസ് കൗൺസിലർമാരുമായും ഉന്നത നേതാക്കൾ ഫോണിൽ ചർച്ച നടത്തി. പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തിയവർക്കെല്ലാം ഉന്നത യു.ഡി.എഫ്. നേതാക്കൾ നൽകിയിട്ടുള്ളത്. അഭിപ്രായ ഭിന്നത പരസ്യമാക്കിയവരോട് പ്രശ്ന പരിഹാരം ഉണ്ടാകുംവരെ സംയമനം പാലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ സമയം കോൺഗ്രസ് കൗൺസിലർമാർ കഴിഞ്ഞ ദിവസം എടുത്ത അതേ നിലപാടിൽ ഉറച്ചുനിൽക്കുന്നത് പ്രശ്ന പരിഹാരത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നിലവിലെ സ്ഥിതിയിൽ തുടർന്നുകൊണ്ടും പരസ്പരം കൊടുത്ത കേസുകൾ പിൻവലിച്ചും പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകളാണ് ഉന്നത നേതാക്കൾ ആരായുന്നത്.
ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി
ഭരണ സ്തംഭനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. ഇന്നലെ പാലാ നഗരസഭയിലേക്ക് മാർച്ച് നടത്തി.
നഗരസഭയിൽ നടക്കുന്ന ചക്കളത്തി പോരാട്ടത്തിന്റെയും ഭരണ സ്തംഭനത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നഗരസഭാ കൗൺസിൽ ഒന്നടങ്കം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബിജെപി പാലാ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
മാർച്ച് ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.
വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണ് യു.ഡി.എഫും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ലിജിൻ ലാൽ കുറ്റപ്പെടുത്തി.
മൈനോർട്ടി മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത്ത് ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത് ജി മീനാഭവൻ, ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ജനറൽ സെക്രട്ടറി മുരളീധരൻ പി ആർ, നേതാക്കളായ മനോജ് മാഞ്ചേരി, കെ.കെ രാജൻ, ജയാ രാജു, മാഗി ഡൊമിനിക്, സെബി പറമുണ്ട, അരുൺ ആർ നായർ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി സുനിൽ പഴവീട് എന്നിവർ മാർച്ചിനും പ്രതിഷേധ സമ്മേളനത്തിനും നേതൃത്വം നൽകി,
ഫോട്ടോ അടിക്കുറിപ്പ്
പാലാ നഗരസഭയിലെ ഭരണ സ്തംഭനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി. ഇന്നലെ പാലാ നഗരസഭയിലേക്ക് നടത്തിയ മാർച്ച് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |