കൊല്ലം: സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷൻ തെളിമ II' ന്റെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന. ഇന്നലെ രാവിലെ 5 മുതൽ 10.30 വരെ കൊല്ലം ഫുഡ് സേഫ്ടി അസിസ്റ്റന്റ് കമ്മിഷണർ എ.സക്കീർ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ചിരുന്ന നാല് സ്ഥാപനങ്ങൾ പൂട്ടിച്ചു. ഇതിൽ ഒരു സ്ഥാപനത്തിന് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. മറ്റ് മൂന്ന് സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. അതീവ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പലഹാരങ്ങളും മറ്റും നിർമ്മിക്കുന്നതും, പാചകത്തിനായി ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും ഉൾപ്പടെ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്.
എട്ട് സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചു. ചെറിയ വീഴ്ചകൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കൊല്ലം അർബൻ സർക്കിൾ, കൊല്ലം ഇരവിപുരം സർക്കിൾ, കോർപ്പറേഷൻ ഏരിയകൾ കേന്ദ്രീകരിച്ച് നാല് സ്ക്വാഡുകൾ, കൊട്ടാരക്കര-പുനലൂർ ഏരിയ കേന്ദ്രീകരിച്ച് ഒരു സ്ക്വാഡ് ഉൾപ്പടെ അഞ്ച് സ്ക്വാഡുകളാണ് പരിശോധനയിൽ പങ്കെടുത്തത്.
ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
ചായപ്പൊടിയുടെ സാമ്പിളുകൾ ശേഖരിച്ചതിനൊപ്പം വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതും തലേദിവസം തയ്യാറാക്കി നിലത്ത് ചാക്കുകളിൽ സൂക്ഷിച്ചിരുന്നതുമായ 25 കിലോയോളം വരുന്ന സ്നാക്സുകൾ, മധുര സേവ, കപ്പലണ്ടി തുടങ്ങിയവ പൂർണമായി നശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |