കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ കാവനാട്- കൊറ്റുകുളങ്ങര റീച്ചിലെ കരാർ കമ്പനിയും എൻ.എച്ച്.എ.ഐയും തമ്മിലുള്ള തർക്കം പരിഹരിച്ച് ഒന്നേകാൽ മാസം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നു. മാസങ്ങളോളം നിർമ്മാണം നിലച്ചതോടെ നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തും ക്വാറി ഉത്പന്നങ്ങളുടെ ക്ഷാമവുമാണ് നിർമ്മാണം ഇഴയാൻ കാരണം.
കരാർ കമ്പനി തമിഴ്നാട്ടിലെ സ്ഥാപനങ്ങളുമായാണ് ക്വാറി ഉത്പന്നങ്ങൾക്ക് കരാർ നൽകിയിരുന്നത്. പുറത്തേക്ക് ക്വാറി ഉത്പന്നങ്ങൾ കൊണ്ടുപോകുന്നത് തമിഴ്നാട് സർക്കാർ നിരോധിച്ചതോടെ ഈ റീച്ചിലെ നിർമ്മാണത്തിന് ആവശ്യമായ മെറ്റിലും ചിപ്സും എം സാൻഡും ലഭിക്കാത്ത അവസ്ഥയാണ്. നിലവിലെ സ്റ്റോക്ക് ഉപയോഗിച്ച് കരുനാഗപ്പള്ളി ഫ്ലൈ ഓവർ, ഇടപ്പള്ളിക്കോട്ട മുതൽ ചവറ വരെയുള്ള ഭാഗത്തെ ക്രാഷ് ബാരിയർ നിർമ്മാണം എന്നിവയാണ് ഇപ്പോൾ നടക്കുന്നത്.
ജില്ലയിലെ അടക്കം ക്വാറികളെ സമീപിച്ചെങ്കിലും അവർ മറ്റ് പല പദ്ധതികൾക്കും നൽകാമെന്ന് ഏറ്റിരിക്കുന്നതിനാൽ ഇടപാട് ഉറപ്പിക്കാനായിട്ടില്ല. നിർമ്മാണം പൂർണതോതിൽ മുന്നോട്ട് കൊണ്ടുപോകാൻ 400 തൊഴിലാളികളെങ്കിലും വേണം. എന്നാൽ ഇപ്പോൾ നൂറ് തൊഴിലാളികളേയുള്ളു.
ക്വാറി ഉത്പന്നങ്ങളും തൊഴിലാളികളുമില്ല
ക്വാറി ഉത്പന്നങ്ങൾ ലഭിക്കാതെ കരാർ കമ്പനി പ്രതിസന്ധിയിൽ
നിർമ്മാണം ഇഴഞ്ഞതോടെ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേയ്ക്ക് പോയി
ചിലയിടങ്ങളിൽ ജനകീയ പ്രക്ഷോഭം
പ്രക്ഷോഭം നടക്കുന്ന 6.38 കിലോ മീറ്റർ ഓഴിവാക്കി
ബാക്കി പൂർത്തിയാക്കേണ്ടത് 25.12 കിലോ മീറ്റർ
ആകെ ദൂരം
31.5 കിലോ മീറ്റർ
നിർമ്മാണ പുരോഗതി
80%
കരാർ കാലാവധി
2027 ഡിസംബർ
6.38 കിലോ മീറ്ററിൽ പുതിയ കരാർ
അടിപ്പാത അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം നടക്കുന്ന വിവിധ ഭാഗങ്ങളിലുള്ള 6.38 കിലോമീറ്റർ ഭാഗത്തെ നിർമ്മാണത്തിന് എൻ.എച്ച്.എ.ഐ പുതിയ കരാർ ക്ഷണിക്കും. പുതിയകാവ് പുത്തൻതെരുവിലും ചവറ വേട്ടുതറയിലും നേരത്തെ അടിപ്പാത നിർമ്മാണത്തിന് എൻ.എച്ച്.എ.ഐ കരാർ ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഇതടക്കമുള്ള പ്രവൃത്തികൾ ഉൾപ്പെടുത്തിയാകും പുതിയ കരാർ.
തത്കാലം നിർമ്മാണം ഇല്ലാത്ത സ്ഥലങ്ങൾ
1. കായംകുളം സഹിദാർ പള്ളി മുതൽ ടെക്മോ ജംഗ്ഷൻ വരെ 2.11 കിലോ മീറ്റർ
2. പുതിയകാവ് പുത്തൻതെരുവ്- 0.53 കിലോ മീറ്റർ
3. ഇടപ്പള്ളിക്കോട്ട ജംഗ്ഷൻ- 1.87 കിലോ മീറ്റർ
4. ചവറ 1.04 കിലോ മീറ്റർ
5. വേട്ടുതറ ജംഗ്ഷൻ- 0.83 കിലോ മീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |