കൊല്ലം: കൊല്ലം നിയമസഭ മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് 'സുസ്ഥിര കൊല്ലം' പദ്ധതിയുമായി കൊല്ലം എം.എൽ.എ കൂടിയായ മന്ത്രി ബിന്ദുകൃഷ്ണ. ലാൻഡ് യൂസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മണ്ഡലത്തെ കേരളത്തിലെ ആദ്യത്തെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള മണ്ഡലമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏകോപനവും പദ്ധതിരേഖ തയ്യാറാക്കലും അടക്കമുള്ള സാങ്കേതിക ചുമതലയും ലാൻഡ് യൂസ് വകുപ്പിനാണ്.
ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ഡലത്തിലെ വിഭവ സർവേ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കും. മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വിവിധ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നിർദേശങ്ങളും ആശയങ്ങളും ചർച്ചകളിലൂടെ ക്രോഡീകരിച്ചാണ് പദ്ധതിരേഖ തയ്യാറാക്കുക.
8 ഉപപദ്ധതികൾ
വാട്ടർ പോസിറ്റീവ് കൊല്ലം- ജലസംരക്ഷണം, ഭൂഗർഭജല വിതാനം ഉയർത്തൽ
സീറോ വേസ്റ്റ് കൊല്ലം- ശാസ്ത്രീയ മാലിന്യസംസ്‌കരണം
ഊർജ്ജ കൊല്ലം- പൊതുമന്ദിരങ്ങളെയും തെരുവുകളെയും ഹരിതോർജത്തിലേക്ക് മാറ്റൽ
ബ്ലൂ - ഗ്രീൻ കൊല്ലം- കാർഷിക വികസനവും നഗര ഹരിതവത്കരണവും
ആരോഗ്യ കൊല്ലം- ശാരീരിക-മാനസിക ആരോഗ്യത്തിന് സുസ്ഥിര തെരുവുകളും പാർക്കുകളും
ഗ്രീൻ ലൈവ്‌ലിഹുഡ്- പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂടെ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കൽ
വനിതാ സൗഹൃദ കൊല്ലം- സംരംഭകത്വത്തിലൂടെയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും സ്ത്രീ ശാക്തീകരണം
കൊല്ലം പോർട്ട് വികസനം
‘സുസ്ഥിര കൊല്ലം’ സംയോജിത ജനകീയ വികസന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ജനപങ്കാളിത്തവും ശാസ്ത്രീയ ആസൂത്രണവും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കി കൊല്ലം മണ്ഡലത്തിന്റെ ദീർഘകാല സുസ്ഥിര വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.
ബിന്ദുകൃഷ്ണ, മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |