
ക്ലാപ്പന: സഹജീവികളുടെ വേദനയിൽ പങ്കുചേരാൻ കുഞ്ഞുമനസുകൾക്ക് കരുത്തുണ്ടെന്ന് തെളിയിക്കുകയാണ് ക്ലാപ്പന സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സിദ്ധിവിനായക്. ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാട്ടത്തിൽകടവ് സ്വദേശി സജീവന്റെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി തന്റെ കുടുക്കയിലെ കുഞ്ഞുസമ്പാദ്യമാണ് കൊച്ചുമിടുക്കൻ കൈമാറിയത്.
കൂലിപ്പണിക്കാരനായ സജീവന്റെ ശസ്ത്രക്രിയയ്ക്കായി അടിയന്തരമായി 35 ലക്ഷം രൂപയാണ് ആവശ്യമായിട്ടുള്ളത്. സജീവന്റെ ചികിത്സാ സഹായത്തിനായി നാട്ടുകാർ രൂപീകരിച്ച കമ്മിറ്റിയുടെ സന്ദേശം ക്ലാസ് ടീച്ചർ പ്രഭ വില്യം വഴി അറിഞ്ഞതോടെയാണ് സിദ്ധിവിനായക് സഹായവുമായി മുന്നോട്ടുവന്നത്. സ്കൂളിലെത്തിയ സിദ്ധിവിനായക് പ്രധാനാദ്ധ്യാപിക പി.ബിജിക്ക് കുടുക്ക കൈമാറി.
മുമ്പും സമാനമായ മാതൃകാപരമായ പ്രവർത്തനങ്ങൾ ഈ കൊച്ചുമിടുക്കൻ നടത്തിയിട്ടുണ്ട്. 'വേണം മലയാളം' പ്രോഗ്രാമിലൂടെ ലഭിച്ച എൻഡോവ്മെന്റ് തുക സ്കൂളിന് നൽകുകയും, വീട്ടിൽ കൃഷി ചെയ്ത പച്ചക്കറികൾ സഹപാഠികളുടെ ഉച്ചഭക്ഷണത്തിനായി സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ആദിനാട് ചക്കാലത്തറയിൽ പ്രവാസിയായ സജിത്തിന്റെയും അദ്ധ്യാപികയായ ഹനാൻ ബാബുവിന്റെയും മകനാണ് സിദ്ധിവിനായക്. 2023ലെ ഉജ്ജ്വല ബാല്യം, 2024ലെ നക്ഷത്രബാല്യം, 2025ലെ എ.പി.ജെ.അബ്ദുൾ കലാം പ്രതിഭ പുരസ്കാരം എന്നിവ ഈ മിടുക്കന് ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |