കൊല്ലം: ലഹരിയോട് നോ പറയാൻ ചികിത്സതേടിയെത്തുന്നവരിലേറെയും യുവതി - യുവാക്കൾ. പരവൂർ രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി-അഡിക്ഷൻ സെന്റർ ഒ.പിയിൽ പ്രതിമാസം ശരാശരി 100 മുതൽ 120 പേർ വരെയാണ് എത്തുന്നത്.
ചികിത്സയ്ക്ക് എത്തുന്നവരിൽ ഭൂരിഭാഗവും 27 വയസിൽ താഴെയുള്ള യുവാക്കളാണ്. യുവാക്കൾക്കിടയിൽ കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പടെയുള്ള മാരക ലഹരിമരുന്നുകളുടെ ഉപയോഗമാണ് കൂടുതലായി കണ്ടുവരുന്നത്. ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെങ്കിലും അതിൽ ഭൂരിഭാഗവും യുവതികളാണ്. മദ്യം, പാൻ മസാല, എം.ഡി.എം.എ എന്നിവയാണ് യുവതികൾക്കിടയിലെ ലഹരി.
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 2016ൽ ആരംഭിച്ച വിമുക്തി പദ്ധതി വഴിയാണ് ചികിത്സ ലഭ്യമാക്കുന്നത്.
ഇതിനോടകം ജില്ലയിൽ ആയിരങ്ങളാണ് ലഹരിമോചിതരായിരിക്കുന്നത്. തുടർച്ചയായ കൗൺസലിംഗും ആവശ്യമെങ്കിൽ കിടത്തിചികിത്സയും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഒരു ബൈസ്റ്റാൻഡർ നിർബന്ധമാണ്.
സി.ഡബ്ല്യു.സി നിർദ്ദേശിക്കുന്ന കുട്ടികൾക്കും ഇവിടെ കൗൺസലിംഗ് നൽകുന്നുണ്ട്. ജില്ലാ ഓഫീസർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സി. ബൈജു, ജില്ലാ കോ ഓർഡിനേറ്റർ ജെ.എസ്.അരവിന്ദ് ഘോഷ് എന്നിവരാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ലഹരിയോട് നോ പറയാം
പരവൂർ താലൂക്ക് ആശുപത്രിയിൽ കിടത്തിചികിത്സ സൗജന്യം
കെട്ടിടങ്ങളുടെ കുറവ് പ്രവർത്തനങ്ങൾക്ക് പരിമിതി സൃഷ്ടിക്കുന്നു
അക്രമാസക്തരാകുന്ന രോഗികളെ പാർപ്പിക്കാൻ 'സെൽ' സൗകര്യമില്ല
ഇത്തരം രോഗികളെ നിലവിൽ ഊളമ്പാറയിലേക്കോ മെഡിക്കൽ കോളേജുകളിലേക്കോ റഫർ ചെയ്യുന്നു
രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നില്ല
കുട്ടികൾക്ക് 'കായിക' ലഹരി
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ 'ഉണർവ്' പദ്ധതിയിലൂടെ ജില്ലയിലെ 32 സ്കൂളുകളിൽ കായിക ടീമുകൾ രൂപീകരിച്ച് ജേഴ്സിയും സ്പോർട്സ് കിറ്റുകളും വിമുക്തി വിതരണം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മത്സരങ്ങളും നടത്തുന്നുണ്ട്. പുത്തൂർ, കുലശേഖരപുരം സ്കൂളുകളിൽ മൾട്ടി പർപ്പസ് വോളിബാൾ കോർട്ടുകൾ നിർമ്മിച്ചു. പണയിൽ ഗവ. സ്കൂളിലും പദ്ധതി സജീവമാണ്. കോളേജ് തലത്തിൽ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് 'ശ്രദ്ധ', 'നേർകൂട്ടം' ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്.
ലഹരിയുടെ വേരുകൾ പൂർണമായും ഇല്ലാതാക്കുകയാണ് വിമുക്തിയുടെ ലക്ഷ്യം. താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജെ. എസ്. അരവിന്ദ് ഘോഷ്,
വിമുക്തി ജില്ലാ കോ ഓർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |