SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.22 AM IST

ഡിജിറ്റൽ അറസ്റ്റിൽ 1.19 കോടി തട്ടിയ പ്രതി ഹൈദരാബാദിൽ പിടിയിൽ

prathi-
പ്രതി ഷംസാദ്

കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസ്സുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിലായി. വിദേശത്ത് ജോലി ചെയ്തിരുന്ന മലപ്പുറം മേലാറ്റൂർ എടയത്തൂരിലെ ഷംസാദ് ചുരക്കുത്താണ് ഹൈദരാബാദ് വിമാനത്താവളത്തിൽ കാസ‌ർകോട് സൈബർ പൊലീസിന്റെ പിടിയിലായത്.

2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് സംഭവം. നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെയും വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ, തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി, മണി ലോണ്ടറിംഗ് കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും “ഡിജിറ്റൽ അറസ്റ്റ്” ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അറസ്റ്റ് ഒഴിവാക്കുന്നതിന് പണം കൈമാറണമെന്നു വിശ്വസിപ്പിച്ചാണ് 1,19,35,000 പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്. തുടർന്ന് കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതി വിദേശത്ത് ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. കഴിഞ്ഞ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച് കാസർകോട് സൈബർ പൊലീസിൽ അറിയിച്ചു. ജില്ലാ പോലീസ് മേധാവി പി.നിധിൻരാജ്, സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. രാജീവൻ എന്നിവരുടെ നിർദ്ദേശപ്രകാരം എസ്.ഐ നൗഷാദ്, എ.എസ്.ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സി.പി.ഒ വിപിൻ എന്നിവർ ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

46.25 ലക്ഷം ഒരു അക്കൗണ്ടിൽ; 9.60 ലക്ഷം മറ്റൊന്നിൽ

അന്വേഷണത്തിൽ, പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46,25,000 രൂപ നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ഇതേ ദിവസം പ്രസ്തുത തുകയിൽനിന്ന് 9,60,000 രൂപ രണ്ട് ഇടപാടുകളിലായി പ്രതിയായ ഷംസാദ് ചുരക്കുത്തിന്റെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇതിൽ 9 ലക്ഷം ചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

‘ഡിജിറ്റൽ അറസ്റ്റ്’

‘ഡിജിറ്റൽ അറസ്റ്റ്’ സൈബർ തട്ടിപ്പിന്റെ ഗുരുതരമായ രൂപമാണ്. പൊലീസ് ഉദ്യോഗസ്ഥർ വീഡിയോ കോളിലൂടെ ഒരാളെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയോ കേസ് ഒഴിവാക്കുന്നതിനായി ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുകയോ ചെയ്യില്ല. ഇത്തരം കോളുകൾ ലഭിച്ചാൽ ഭയപ്പെടാതെ ഉടൻ ഫോൺ സംഭാഷണം അവസാനിപ്പിക്കുകയും പണം കൈമാറാതിരിക്കുകയും വേണം. 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL