പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പത്താമുദയം ഉത്സവത്തിനെത്തുന്ന ആയിരങ്ങൾക്ക് വിളമ്പുന്ന സമൂഹ പുത്തരി സദ്യ, ധനു, മകര മാസ കലംകനിപ്പ് നിവേദ്യം, മറ്റു വിശേഷാൽ ചടങ്ങുകൾക്കും വേണ്ടി കേന്ദ്ര മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന ഞാറിടൽ ഉത്സവമായി. ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാടിന് സമീപത്ത് ഒരു മാസം മുൻപ് വിത്തിറക്കിയ ഒരേക്കറോളം വരുന്ന വയലിൽ നടന്ന ഞാറ് നടീൽ ഉത്സവം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്കരൻ അദ്ധ്യക്ഷയായി. ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ കൃഷ്ണൻ ചട്ടഞ്ചാൽ, കെ.വി അപ്പു, പി.കെ രാജേന്ദ്രനാഥ്, കെ.വി ഗിരീഷ് ബാബു, പ്രദീപ് പള്ളിക്കര, കൃഷി ഓഫീസർ പി.വി വിനോദ്, പാടശേഖര സമിതി സെക്രട്ടറിയും മുൻ ക്ഷേത്ര പ്രസിഡന്റുമായ ഉദയമംഗലം സുകുമാരൻ, വാർഡ് അംഗം കൃഷ്ണൻ പള്ളം, ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി പ്രസിഡന്റ് കെ.വി രാഘവൻ, ഉഷ ഭാസ്കരൻ, ദേവകി സുരേശൻ, സുനിത ബാബു, പുഷ്പ ദാസൻ എന്നിവർ സംസാരിച്ചു.
നാടിന്റെ ജൈവ വൈവിദ്ധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും പഠനവുമായി ബന്ധപ്പെടുത്തി നടത്തുന്ന നെൽകൃഷിയെ നേരിട്ടറിയാൻ ചട്ടഞ്ചാൽ എം.ഐ.സി ഹയർ സെക്കൻഡറി സ്കൂൾ പ്രൈമറി ക്ലാസ്സിലെ 130 കുട്ടികൾ ചെമ്മനാട് പഞ്ചായത്ത് വാർഡ് അംഗങ്ങളായ മുഫീദ സാവദ്, മിനി ശിവകുമാർ, അദ്ധ്യാപിക എം. ശരണ്യ എന്നിവരുടെ നേതൃത്വത്തിൽ വയലിൽ എത്തിയിരുന്നു. ഞാറിടൽ ഉത്സവത്തിൽ പങ്കെടുത്തവർക്കും കൃഷിരീതി കണ്ടു പടിക്കാനെത്തിയ കുട്ടികൾക്കും കണ്ണികുളങ്ങര വലിയ വീട് തറവാട്ടിൽ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തേങ്ങ ചമ്മന്തിയും ചെമ്മീൻ ചമ്മന്തിയും ചേർത്ത കുത്തരി കഞ്ഞിയും വിളമ്പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |