
നടുവിൽ: നിലത്തൂടെ ഇഴഞ്ഞ് ക്ഷേത്രത്തെ വലം വച്ച് ,ഭക്തരെ അനുഗ്രഹിച്ച് മുതല തെയ്യം അരങ്ങിലെത്തി.നടുവിൽ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രം പുത്തരി അടിയന്തിരത്തിന്റെ ഭാഗമായി തുലാം പത്താംനാളിലാണ് മുതല തെയ്യം കെട്ടിയാടിയത്. തുലാപ്പത്തിന് മലയോര മേഖലയിൽ കെട്ടിയാടുന്ന ആദ്യ തെയ്യമാണിത്. അപൂർവതയേറെയുള്ള തെയ്യത്തെ കാണാൻ ക്ഷേത്രത്തിൽ രാവിലെ മുതൽ ഭക്തരുടെ തിരക്കായിരുന്നു.
തൃപ്പണ്ടാരത്തമ്മ ദേവിയെ ആണ് ഇവിടെ മുതല തെയ്യമായിആരാധിക്കുന്നതെന്നാണ് പുരാവൃത്തം.
തൃപ്പണ്ടാരത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്യുന്ന പൂജാരി എത്താൻ വൈകിയപ്പോൾ പുഴ കരയിൽ ചൂണ്ടയിടുകയായിരുന്ന ആദിതോയനെ മുതല പുഴ കടത്തി പൂജ മുടങ്ങാതെ കാത്തുവെന്നാണ് ഐതിഹ്യം. പുറപ്പാട് കഴിഞ്ഞാൽ മുതലത്തെയ്യം മുഴുവൻ സമയവും ഇഴഞ്ഞാണ് ക്ഷേത്രത്തെ വലംവെക്കുന്നത്. മറ്റ് തെയ്യങ്ങളെ പോലെ ഉരിയാടുന്ന പതിവും ഇവിടെയില്ല. ചെണ്ടയുടെയും ഇലത്താളത്തിന്റെയും പശ്ചാത്തലത്തിലാണ് തെയ്യം ഇറങ്ങുന്നത്.
മറ്റ് തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മുതലത്തെയ്യത്തിന് കുരുത്തോലച്ചമയമില്ല. കവുങ്ങിൻ പട്ട കൊണ്ടാണ് വാൽ തീർക്കുന്നത്. മാവിലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.ഇഴജീവികളുടെ ശല്യത്തിൽ നിന്ന് രക്ഷ നേടാൻ മുതലദൈവത്തെ വിളിച്ചാൽ മതിയെന്നാണ് ഇവിടുത്തെ വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |