SignIn
Kerala Kaumudi Online
Tuesday, 20 October 2026 11.34 PM IST

'കെഎസ്‌യുക്കാർ വധിക്കാൻ ശ്രമിച്ചിട്ടില്ല,​ വീണയുടെ നിർദേശപ്രകാരം മൊഴി നൽകി', ആദ്യമൊഴി തള്ളി ഗൺമാൻ

READ ENGLISH VERSION
veena-george-
വീണാ ജോർജ്

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഗൺമാൻ അഭിലാഷ് നൽകിയ പുതിയ മൊഴി അന്വേഷണത്തിന്റെ ഗതി മാറ്റിയേക്കും. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് ആദ്യഘട്ടത്തിൽ അത്തരമൊരു മൊഴി നൽകിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തോട് ഇയാൾ ഇപ്പോൾ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.

പ്രതിഷേധത്തിനിടെ കെ.എസ്.യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷ് അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. കെ.എസ്.യു പ്രവർത്തകരായ എം.സി. അതുൽ, വി.വി. അക്ഷയ് എന്നിവരടക്കം നാലുപേർ ആയുധങ്ങളുമായി എത്തി ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു അഭിലാഷിന്റെ ആദ്യ മൊഴി. എന്നാൽ, വീണാ ജോർജിന്റെ ആവശ്യപ്രകാരമാണ് അങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോൾ മൊഴി മാറ്റിയതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

മൊഴിയിലെ മാറ്റം കേസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണവും പിന്നീട് മൊഴി തിരുത്തിയ സാഹചര്യവും കണക്കിലെടുത്ത് അഭിലാഷിനെതിരെ നടപടിയെടുക്കുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വീണാ ജോർജിൽനിന്നും എസ്.ഐ.ടി മൊഴിയെടുത്തിരുന്നു. എന്നാൽ, തനിക്കെതിരായ ആക്രമണം വധശ്രമമായിരുന്നെന്ന് സ്ഥാപിക്കുന്ന മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവസമയത്ത് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും ആരോപണത്തിന് വ്യക്തമായ പിന്തുണ നൽകുന്നില്ലെന്നാണ് വിവരം. കെ.എസ്.യു പ്രവർത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നെന്ന ആരോപണവും ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ ആക്രമണത്തിന്റെ സ്വഭാവവും കേസിൽ ചുമത്തിയ വകുപ്പുകളും അന്വേഷണസംഘം വീണ്ടും പരിശോധിക്കേണ്ടിവന്നേക്കും.

2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതിനെത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുക്കുകയായിരുന്നു. എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.

English Summary

The case alleging an attack on former Health Minister Veena George at Kannur Railway Station has taken a crucial turn.Gunman Abhilash, who had earlier claimed that KSU activists including M.C. Athul and V.V. Akshay tried to attack Veena George with weapons, has now changed his statement to the Special Investigation Team (SIT).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA GEORGE, KSU ATTACK, GUN MAN STATEMENT, LATESTNEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA