SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.57 AM IST

പൊലീസ് കാശിയിലും അന്വേഷണം നടത്തി ശിവസൂര്യയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ചെന്നിത്തല

sivasurya

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാശിയിൽ പോയി പൊലീസ് അന്വേഷിച്ചുവെന്നും ഇതുവരെ വിവരമില്ലെന്നും നിയമസഭയിൽ പി.കെ.പ്രവീൺ എം.എൽ.എയുടെ സബ് മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു. കുട്ടിയെ കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. മൊബൈൽ ഗെയിം കളിക്കുന്ന കുട്ടികളെ മാതാപിതാക്കൾക്ക് വഴക്ക് പറയാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ശിവസൂര്യയുടെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. കണ്ണൂർ യൂണിറ്റിലെ ഡിവൈ.എസ്.പി കെ.സുനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല. ചൊക്ലി പൊലീസും എസ്.ഐ.ടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചു.

കാശിയിലും കണ്ടെത്താനായില്ല

ആഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ പേരിൽ ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവിൽ വാരണാസിയിലും അന്വേഷണം നടത്തി. എന്നാൽ ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. ഒരിടത്തെയും സിസി ടി.വി ക്യാമറയിൽ 17കാരന്റെ ദൃശ്യം പതിഞ്ഞിട്ടുമില്ല. ശിവസൂര്യക്ക് ഒളിവിൽ കഴിയാൻ മറ്റാരുടേയോ സഹായം കിട്ടുന്നുണ്ടെന്ന സംശയം പൊലീസിനും വീട്ടുകാർക്കുമുണ്ടായിരുന്നു. എന്നാൽ കാശിയിലെ അന്വേഷണത്തിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL