കണ്ണൂർ: സംസ്ഥാനത്തെന്ന പോലെ അയൽ സംസ്ഥാനങ്ങളിലും മഴകുറഞ്ഞത്, ഓണം വിപണിയിൽ വില വർദ്ധനയ്ക്കിടയാക്കുമെന്ന് ആശങ്ക. നാട്ടിലെ വ്യാപാരികളാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകയിലും പച്ചക്കറി ഉത്പാദനത്തിൽ കുറവ് വന്നാൽ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകും.
ഇപ്പോൾ തന്നെ ചില പച്ചക്കറികൾക്ക് വിപണിയിൽ വില വർദ്ധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽനിന്നു കൂടുതലായെത്തുന്ന കാരറ്റിന് നിലവിൽ കിലോയ്ക്ക് 90 രൂപയാണ്. രണ്ട് ദിവസത്തിനിടെ കാരറ്റിന് മാത്രം 20 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ മാസം 50 രൂപയായിരുന്നു. കാരറ്റിന് ഇനിയും വില കൂടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഇഞ്ചിക്കു കിലോ 180 രൂപയും വെളുത്തുള്ളിക്ക് 240 രൂപയുമാണ് നിലവിലെ വില.
ഇനിയും വിലവർദ്ധന ഉണ്ടായാൽ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കും. ഓണസദ്യയ്ക്ക് പച്ചക്കറി ഒഴിച്ചുകൂടാനാകാത്തതാണ്. തമിഴ്‌നാട്ടിലും കർണാടകയിലും മഴ ഇല്ലാത്ത സ്ഥിതി ജില്ലയെയും ബാധിക്കുന്ന അവസ്ഥയാണ്.
പൂക്കൃഷിക്കും തിരിച്ചടി
ഓണ വിപണിയെ സജീവമാക്കുന്ന പൂക്കളുടെ വിലയും കൂടാനാണ് സാദ്ധ്യത. ജില്ലയിലെ വിപണിയിലേക്ക് ഗുണ്ടൽപേട്ടിൽ നിന്നാണ് പൂക്കളെത്തുന്നത്. മഴക്കുറവ് കാരണം ഗുണ്ടൽപേട്ടിൽ പൂക്കൃഷിക്കു വലിയ തിരിച്ചടി നേരിട്ടതായി വ്യാപാരികൾ പറയുന്നു. പൂക്കൾ വാങ്ങുന്നതിനായി കർഷകരുമായി നേരത്തെ ധാരണയിലെത്തുന്നത് ജില്ലയിലെ വ്യാപാരികളുടെ പതിവാണ്. ഇത്തവണ സാധാരണ പോലെ കൃഷിയിറക്കിയെങ്കിലും പകുതി വിളവു പോലുമുണ്ടായിട്ടില്ല. പകുതിയിലേറെ പൂക്കളും കരിഞ്ഞു പോയി. ഗുണ്ടൽപ്പേട്ടിൽ നിന്നുമെത്തുന്ന ചെണ്ടുമല്ലിയടക്കമുള്ള പൂക്കൾ ജില്ലയിൽ വലിയ തോതിൽ വിറ്റഴിക്കപ്പെടുന്നതാണ്. ഓണക്കാലത്ത് ഈ പൂക്കൾക്കാണ് ആവശ്യക്കാർ കൂടുതലും.
40% മഴക്കുറവ്
ജൂണിൽ 39 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയതെങ്കിൽ ജൂലായ് മാസത്തിൽ 40 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷകരും പരിസ്ഥിതി വിദദ്ധരും നൽകുന്ന വിശദീകരണം. ഒരു വർഷം ശരാശരി 3300-3500 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കുന്നത്. മഴ കുറവായാൽ കനത്ത ചൂടിലേക്കെത്താനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ നൽകുന്നുണ്ട്.
കർഷകർക്കും ഭീഷണി
കാലവർഷം ദുർബലമായത് നാട്ടിലെ കർഷകരെയും പ്രതിസന്ധിയിലാക്കി. കാലാവസ്ഥാധിഷ്ടിത വിളകൾ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് മഴയുടെ ലഭ്യതക്കുറവ് പ്രതിസന്ധിയുണ്ടാക്കിയത്. മഴക്കുറവ് കാരണം ഇത്തരം വിളകളുടെ ഡിമാൻഡും കുറഞ്ഞു. അത്യാധുനിക വിത്തിനങ്ങൾക്ക് കാലാവസ്ഥയും അനുകൂലമാകേണ്ടതുണ്ടെന്നാണ് കർഷകർ പറയുന്നത്. മലയോര മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. കുരുമുളക്, തെങ്ങ്, റബർ തുടങ്ങിയ നാണ്യവിളകളെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചു. ചില പ്രദേശങ്ങളിൽ മണ്ണ് വരണ്ടുണങ്ങിയതോടെ കൃഷിയിറക്കൽ കർഷകർക്ക് വെല്ലുവിളിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |