
കൊച്ചി: മറവികൾ പലതും ഡിമെൻഷ്യ അഥവാ അൽഷിമേഴ്സ് രോഗത്തിന്റെ പ്രാരംഭ സൂചനകളാകാമെന്ന് വിദഗ്ദ്ധർ. എല്ലാ മറവികളെയും നിസാരമെന്ന് തള്ളിക്കളയരുതെന്ന് അൽഷിമേഴ്സ് ദിനത്തിൽ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. തലച്ചോറിലെ രോഗബാധ മൂലം സംഭവിക്കുന്ന വൈജ്ഞാനിക തകരാറുകൾ തിരിച്ചറിയേണ്ടത് രോഗനിർണയത്തിനും ശരിയായ പരിചരണത്തിനും അത്യന്താപേക്ഷിതമാണ്. ലക്ഷണങ്ങളെ ശരിയായി വിശകലനം ചെയ്ത് വിദഗ്ദ്ധാഭിപ്രായം തേടണം.
ഓർത്തെടുക്കാൻ പ്രയാസം
പ്രായമായവർ ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കേട്ട കാര്യങ്ങളും അടുത്തിടെ നടന്ന സംഭവങ്ങളും മറക്കുന്നതും ഒരേ ചോദ്യം ആവർത്തിക്കുന്നതും സാധാരണമല്ല. ഇത് തലച്ചോറിനെ ബാധിക്കുന്ന ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണമാണ്.
ദിനചര്യകൾക്ക് ബുദ്ധിമുട്ട്
മുമ്പ് വളരെ എളുപ്പത്തിൽ ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ പ്രയാസം നേരിടുക ഡിമെൻഷ്യയുടെ ലക്ഷണമാണ്. കൃത്യമായി ചെയ്തിരുന്ന കാര്യങ്ങൾ സാധിക്കാത്തത് വൈജ്ഞാനികശേഷിയുടെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്.
സ്ഥലകാല ബോധമില്ലായ്മ
വീടിനടുത്ത് വഴിയറിയാതെ തെറ്റിപ്പോകുക, വർഷമോ ദിനമോ ഓർക്കാൻ കഴിയാതിരിക്കുക എന്നിവ ഗൗരവമായി കാണണം. സംസാരിക്കുമ്പോൾ ഉചിതമായ വാക്കുകൾ കിട്ടാത്തതും ഒരേ വാക്ക് ആവർത്തിക്കുന്നതും വിഷയം വിട്ടുപോകുന്നതും രോഗം ബാധിക്കുന്നതിനാലാണ്.
പെരുമാറ്റ, വ്യക്തിത്വ മാറ്റങ്ങൾ
ശാന്തനായിരുന്ന വ്യക്തി പെട്ടെന്ന് കടുത്ത കോപമോ സംശയമോ കടുത്ത വിഷാദമോ കാണിക്കുന്നത് പ്രധാന മുന്നറിയിപ്പാണ്. സാമൂഹിക കൂട്ടായ്മകളിൽ നിന്നോ ഹോബികളിൽ നിന്നോ പിൻവലിയുന്നതും ശ്രദ്ധിക്കണം.
ഡിമെൻഷ്യ പ്രായമാകുമ്പോൾ വരാവുന്ന അവസ്ഥയല്ല. തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥയാണ്. രോഗം മുൻകൂട്ടി തിരിച്ചറിഞ്ഞ് മരുന്നുകളിലൂടെയും തെറാപ്പികളിലൂടെയും തീവ്രത കുറയ്ക്കാനും രോഗിയുടെ ജീവിതനിലവാരം വർദ്ധിപ്പിക്കാനും സാധിക്കും.
ഡോ. റെജി പോൾ
സീനിയർ കൺസൾട്ടന്റ്
ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |