SignIn
Kerala Kaumudi Online
Tuesday, 22 September 2026 6.15 PM IST

കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ: ഹോട്ടലുകൾക്ക് നഗരസഭ വെള്ളമെത്തിക്കും

കൊച്ചി: നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, നേരിട്ട് കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയുമായി കൊച്ചി നഗരസഭ. കേരള വാട്ടർ അതോറിട്ടിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് മേയറുടെ നേതൃത്വത്തിൽ യോഗം ചേരും.

ഹോട്ടലുകളിലേക്ക് നിലവിൽ വെള്ളം എവിടെ നിന്നാണ് എത്തുന്നതെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നഗരസഭയുടെ ഇടപെടൽ. ജൂലായ് 27 മുതൽ ആഗസ്റ്റ് 24 വരെ ആരോഗ്യ, നഗരസഭ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്തസംഘം നഗരത്തിലെ 1,108 ഭക്ഷണശാലകളിൽ പരിശോധിച്ചിരുന്നു. ശേഖരിച്ച 118 കുടിവെള്ള സാമ്പിളുകളിൽ ഏഴ് എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി. 225 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാൻ നിർദ്ദേശവും നൽകി.

20 ലിറ്റർ കാനിലെ

വെള്ളത്തിലും ഇ-കോളി

കലൂരിലെ ഒരു ഭക്ഷണശാലയിൽ നിന്ന് പിടിച്ചെടുത്ത 20 ലിറ്റർ വെള്ളത്തിന്റെ കാനിലും ഉയർന്ന തോതിൽ ഇ-കോളി സാന്നിദ്ധ്യം കണ്ടെത്തി. ഹോട്ടലിൽ തന്നെ സമീപത്തെ കിണറിൽ നിന്ന് വെള്ളം നിറച്ചിരിക്കുകയായിരുന്നു. ഹോട്ടലുടമയോട് കിണർ ക്ലോറിനേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വൈറ്റിലയിലും സമാനമായ രീതിയിൽ മലിനീകരിക്കപ്പെട്ട വെള്ളം കാനിൽ കണ്ടെത്തി. സെപ്റ്റേജ് ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നതും ജലമലിനീകരണത്തിന് കാരണമാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

വാട്ടർ അതോറിട്ടി വെള്ളം ഉപയോഗിക്കണം

നഗരത്തിലെ ഹോട്ടലുകളിലേക്ക് വലിയ തോതിൽ വെള്ളം എത്തിക്കുന്നതിന് നിലവിൽ പലരും നഗരത്തിന് പുറത്തുള്ള ജലസ്രോതസുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായി വാട്ടർ അതോറിട്ടിയുടെ വെള്ളം ഹോട്ടലുകളിൽ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതയാണ് നഗരസഭ പരിശോധിക്കുന്നത്. നഗരത്തിലെ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും എണ്ണം പരിഗണിക്കുമ്പോൾ വാട്ടർ അതോറിട്ടിയുടെ ജലവിതരണം മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് ഹോട്ടൽ ഉടമകൾ.

നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിവിധ സ്രോതസുകളിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. വെള്ളം ഏത് ഉറവിടത്തിൽനിന്നാണ് ശേഖരിക്കുന്നതെന്നും ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടോയെന്നും സംബന്ധിച്ച് വ്യക്തതയില്ലാത്ത സാഹചര്യമുണ്ട്.

സീന ഗോപാൽ

ചെയർപേഴ്സൺ

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി

നഗരസഭ

പരിശോധന നടപടികൾ

ഭക്ഷണശാലകൾ പരിശോധിച്ചത് – 1,108

വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചത് – 118

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത് – 7

അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത് – 7

പരിഹാര നടപടി നിർദേശിച്ചത് – 225

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL