SignIn
Kerala Kaumudi Online
Monday, 24 August 2026 4.25 AM IST

കോളാതുരുത്തിൽ ഓണത്തപ്പന്മാർ റെഡി

onam

മൂവാറ്റുപുഴ: ഓണത്തറ അലങ്കരിക്കാൻ ആയിരക്കണക്കിന് തൃക്കാക്കരയപ്പൻ രൂപങ്ങളൊരുക്കി മൂവാറ്റുപുഴ വാളകം പഞ്ചായത്തിലെ കോളാതുരുത്ത് ഗ്രാമം. വ്രതശുദ്ധിയോടെ പാരമ്പര്യ കുംഭാര കുടുംബങ്ങൾ നിർമ്മിച്ച ചുവപ്പും സ്വർണനിറവുമുള്ള രൂപങ്ങൾ വില്പനയ്ക്ക് തയ്യാറായി. തൃക്കാക്കരയപ്പനൊപ്പം മുത്തിയമ്മ, ചിരക, ഉരൽ, അരകല്ല്, പിള്ളക്കല്ല് എന്നിവയടങ്ങുന്ന സെറ്റിന് 250 രൂപയാണ് വില. വലിപ്പമനുസരിച്ച് 200 മുതൽ 1000 രൂപ വരെയുള്ള മാവേലി, ഗണപതി രൂപങ്ങളും ഇവിടെ ലഭ്യമാണ്.

മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ 32 കുടുംബങ്ങളാണ് കോളാതുരുത്തിലുള്ളത്. പതിറ്റാണ്ടുകളായി തുടരുന്ന ഓണത്തപ്പ നിർമ്മാണത്തിൽ കളിമൺ ശില്പം ചൂളയിൽ ചുട്ടെടുക്കുകയോ വെയിലത്ത് ഉണക്കുകയോ ചെയ്യാറില്ല. വലിയ പന്തലുകളിൽ ഒരാഴ്ച സൂക്ഷിച്ച് ഈർപ്പം നീക്കിയ ശേഷം ചുവപ്പുചായം പൂശിയാണ് വിപണിയിലെത്തിക്കുന്നത്. കളിമണ്ണിന്റെ വിലവർദ്ധനവും പ്രതികൂല കാലാവസ്ഥയും ഇത്തവണ നിർമ്മാണത്തെ ബാധിച്ചു. മഴയും ഈർപ്പവും കാരണം ഉണക്കിയെടുക്കാൻ പ്രയാസമായതിനാൽ ഉത്പാദനം പകുതിയായി കുറഞ്ഞു.

മഴ മുന്നറിയിപ്പുകളെത്തുടർന്ന് ഭൂരിഭാഗം കുടുംബങ്ങളും പിന്മാറിയെങ്കിലും മുൻകൂട്ടി ഓർഡർ നൽകിയവർക്കായി 2 കുടുംബങ്ങളാണ് നിർമ്മാണം നടത്തിയത്. പ്രതിസന്ധികൾക്കിടയിലും വില വർദ്ധിപ്പിക്കാതെയാണ് തൊഴിലാളികൾ വില്പന നടത്തുന്നത്. അത്തം മുതൽ മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷൻ, തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷൻ എന്നിവിടങ്ങളിൽ വില്പന ആരംഭിച്ചു. ആവശ്യക്കാർ കോളാതുരുത്തിലെ പണിപ്പുരകളിൽ നേരിട്ടെത്തിയും വാങ്ങുന്നുണ്ട്. പ്ലാസ്റ്റിക്, പ്ലാസ്റ്റർ ഒഫ് പാരീസ് രൂപങ്ങൾ വിപണി കീഴടക്കുമ്പോഴും മണ്ണിൽ മെനഞ്ഞെടുക്കുന്ന തൃക്കാക്കരയപ്പന്റെ പവിത്രതയ്ക്ക് പകരംവെക്കാൻ മറ്റൊന്നുമില്ലെന്ന വിശ്വാസത്തിലാണ് ഈ പരമ്പരാഗത തൊഴിലാളികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL