ആലപ്പുഴ: വേമ്പനാട് കായലിൽ പോളശല്യവും ആഴക്കുറവും രൂക്ഷമായതോടെ ജലഗതാഗതം പ്രതിസന്ധിയിൽ. കായലിലെ പോളയ്ക്കൊപ്പം ഒഴുകിയെത്തുന്ന തടിയും പ്ലാസ്റ്റിക്കുമടക്കമുള്ള മാലിന്യങ്ങൾ ബോട്ടുകളുടെ പ്രൊപ്പല്ലറിൽ ചുറ്റിപ്പിടിച്ച് കേടുപാടുകൾ വരുത്തുന്നത് പതിവാകുകയാണ്. കഴിഞ്ഞ മാസം മാത്രം അഞ്ച് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വേനൽക്കാലം ആരംഭിക്കുന്നതിനു മുമ്പ് കായലിലെ ആഴം കൂട്ടുന്നതിനും പോള നീക്കം ചെയ്യുന്നതിനും അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.
ആലപ്പുഴ രാജീവ് ജെട്ടി, പാണാവള്ളിയിലെ വിവിധ ജെട്ടികൾ എന്നിവിടങ്ങളിലെല്ലാം ആഴം കുറഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് ജലനിരപ്പ് താഴുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകും. ഫെബ്രുവരിയോടെ വെള്ളം ഗണ്യമായി കുറയുന്നതോടെ പല ജെട്ടികളിലും ബോട്ടുകൾ അടുപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് ആശങ്ക. കഴിഞ്ഞ വർഷങ്ങളിൽ പല ജെട്ടികളിലും ഇതുപോലെ ബോട്ട് അടുപ്പിക്കാനാവാത്ത അവസ്ഥയുണ്ടായിരുന്നു.
ഇത് ജലഗതാഗത സർവീസുകളെയും യാത്രക്കാരെയും ഒരുപോലെ ബാധിക്കും.
ഡ്രഡ്ജിംഗ് നിലച്ചിട്ട് രണ്ടുവർഷം
ആലപ്പുഴയിൽ ഇറിഗേഷൻ വകുപ്പ് അവസാനമായി ഡ്രഡ്ജിംഗ് നടത്തിയത് രണ്ടുവർഷം മുമ്പാണ്. വാടക്കനാൽ ഭാഗത്തായിരുന്നു ഡ്രഡ്ജിംഗ് നടത്തിയത്. കായലിൽ പോളവാരലും കാര്യക്ഷമമായി നടക്കുന്നില്ല. ഇതോടെ പോളയും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതിനൊപ്പം ജലപാതയുടെ ആഴവും കുറഞ്ഞുവരികയാണ്.
പോളയ്ക്കൊപ്പം ഒഴുകിയെത്തുന്ന തടിക്കഷണങ്ങളും പ്ലാസ്റ്റിക്കും ബോട്ടുകളുടെ പ്രൊപ്പല്ലറിൽ കുടുങ്ങുന്നതാണ് കേടുപാടുകൾക്ക് പ്രധാന കാരണം. ഇത് ബോട്ടുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനൊപ്പം അറ്റകുറ്റപ്പണികൾക്കായി അധിക ചെലവും വരുത്തുന്നു. പോളശല്യം തുടർന്നാൽ സർവീസുകളുടെ സുഗമമായ നടത്തിപ്പിനും തടസമുണ്ടാകാം.
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജലഗതാഗത വകുപ്പ് നേരത്തേ തദ്ദേശസ്ഥാപനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. വേനൽക്കാലത്ത് ജലനിരപ്പ് താഴുന്നതോടെ പ്രതിസന്ധി രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അതിനു മുമ്പ് ഡ്രഡ്ജിംഗും പോളവാരലും നടത്തണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |