SignIn
Kerala Kaumudi Online
Thursday, 22 October 2026 5.51 AM IST

ശാപമോക്ഷമില്ലാതെ ഗ്രാമീണ റോഡുകൾ

ആലപ്പുഴ: കാലവർഷക്കാലത്ത് തകർന്നതുൾപ്പെടെ ജില്ലയിലെ 296 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം വൈകുന്നു. കരാറുകാരുടെ കുടിശ്ശികയും തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപ്പന്നങ്ങളുടെ വരവിന് തമിഴ്നാട് സർക്കാർ ഏ‍ർപ്പെടുത്തിയ വിലക്കുമാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് തടസം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിക്കാതിരുന്നതും തദ്ദേശ ,​ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ റോഡ് പുരനരുദ്ധാരണ പദ്ധതികൾ തയ്യാറാക്കുന്നതിലുണ്ടാക്കിയ കാലതാമസവും വിനയായി. തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പുതിയ ഭരണസമിതിയും സർക്കാരും അധികാരത്തിൽ വന്നെങ്കിലും ഇടവപ്പാതി ആരംഭിച്ചതിനാൽ റോഡ് പുനരുദ്ധാരണത്തിന് യാതൊന്നും ചെയ്യാൻ സർക്കാരിനായില്ല. കിഫ്.ബി പ്രകാരമുള്ള പദ്ധതികൾക്ക് നിയന്ത്രണങ്ങൾ കൂടി വന്നതോടെ നിയമസഭാ മണ്ഡല വികസന പദ്ധതികളിലും മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പ്രവൃത്തികളിലുമുൾപ്പെട്ട റോഡുകളുടെ നിർമ്മാണവും നിലച്ചു.

ജില്ലയെ സാരമായി ബാധിച്ച ആഗസ്‌റ്റിലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിയും പുനരുദ്ധാരണവുമെല്ലാം നിലച്ചതോടെ ഗ്രാമീണറോഡുകളിലുൾപ്പെടെ യാത്ര അസാദ്ധ്യമായ നിലയാണ്.

റോഡ് പുനരുദ്ധാരണത്തിന് പുറമേ കാലവർഷകാലത്ത് കൃഷിനാശത്തിനിരയായവർക്കുള്ള നഷ്ടപരിഹാരവും ഇനിയും പൂർണമായും ലഭിച്ചിട്ടില്ല. വെള്ളം കയറിനശിച്ച കടകൾക്ക് 10,000 രൂപ സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും കുട്ടനാട് താലൂക്കിലെ ചുരുക്കംചില വ്യാപാരികൾക്ക് മാത്രമാണ് കിട്ടിയത്. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തരധനസഹായ വിതരണം ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല.

പതിനായിരം രൂപയാണ് പ്രഖ്യാപിച്ചെങ്കിലും പലർക്കും 5,​000 രൂപയാണ് ലഭിച്ചത്. അടുത്ത ഗഡു എപ്പോൾ കിട്ടുമെന്ന കാര്യത്തിലും തീർപ്പില്ല.

പദ്ധതികൾ തയ്യാറാക്കുന്നതിൽ കാലതാമസം

 പ്രളയത്തിലും കനത്തമഴയിലും ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന പരിധിയിലുള്ള 296 ഗ്രാമീണ റോഡാണ് തകർന്നത്

 ചെറുതും വലതുമായ 168.97 കിലോമീറ്ററിലേറെ റോഡ് തകർന്നതായാണ് കണക്ക്. 37.84 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്

 റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപടിയെടുത്തിട്ടില്ല

 പ്രളയക്കെടുതിയിൽ പത്തനംതിട്ടയിൽ 325, കോട്ടയം 801, ഇടുക്കി 109 റോഡുകളും തകർന്നതോടെ മണ്ഡലകാലത്ത് തീർത്ഥാടകരുടെ യാത്ര ദുരിതത്തിലാകും

തകർന്ന റോഡുകൾ

296

മണ്ഡലകാലപൂർവ റോഡ് പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പ് പണം അനുവദിക്കുകയും ടെൻഡർ ക്ഷണിക്കുകയും ചെയ്തെങ്കിലും തുലാവർഷം കഴിയാതെ ഈ ജോലികൾ ചെയ്ത് തീർക്കാനാകില്ല

- കരാറുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL