ആലപ്പുഴ: കേരള ബ്രാഹ്മണസഭയുടെ ‘കലാഞ്ജലി 2026’ സംസ്ഥാനകലോത്സവത്തിൽ 1179 പോയിന്റുകളുമായി എറണാകുളം ഓവറോൾ ചാമ്പ്യൻമാരായി. 823 പോയിന്റുകളുമായി തിരുവനന്തപുരവും 708 പോയിന്റുകളുമായി ആലപ്പുഴയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 684 പോയിന്റുകളുമായി കൊല്ലമാണ് നാലാം സ്ഥാനത്ത്. തൃശൂർ-368, കോഴിക്കോട്-321, പാലക്കാട്-127, കോട്ടയം-81, മലപ്പുറം-55, ഇടുക്കി-38, വയനാട്-17, പത്തനംതിട്ട-12 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.
കേരള ബ്രാഹ്മണസഭയുടെ മൂന്നുദിവസം നീണ്ട സംസ്ഥാന കലോത്സവം ആലപ്പുഴ എസ്.ഡി.വി. സ്കൂൾ സമുച്ചയത്തിൽ സമാപിച്ചു. പത്തുവേദികളിലായി നടന്ന കലാമേളയിൽ എഴുന്നുറോളം പ്രതിഭകളാണ് പങ്കെടുത്തത്.
സമാപന സമ്മേളനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.ശേഷാദ്രിനാഥൻ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക നിത്യമാമ്മൻ സമ്മാനദാനം നിർവഹിച്ചു. കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് അദ്ധ്യക്ഷനായി. കലാഞ്ജലി കൺവീനർ ജി.മണി കലോത്സവ ജേതാക്കളെ പ്രഖ്യാപിച്ചു. സംഘാടക സമിതി ചെയർമാൻ പി.വെങ്കിട്ടരാമ അയ്യർ, കേരള ബ്രാഹ്മണ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ.പരമേശ്വരൻ, എസ്.ഡി.കോളേജ് മാനേജർ പി.കൃഷ്ണകുമാർ, അഖില കേരള ബ്രാഹ്മണ ഫെഡറേഷൻ ചെയർമാൻ അഡ്വ.കെ.ധനഞ്ജയൻ നമ്പൂതിരി,എ.മണി തുടങ്ങിയവർ സംസാരിച്ചു. സമൂഹാംഗങ്ങളെ പ്രോത്സസിപ്പിക്കാനുള്ള വലിയ തീരുമാനമായിരുന്നു കലോത്സവമെന്ന് കല്യാൺ ജുവലേഴ്സ് ഉടമ ടി.എസ്.കല്യാണരാമൻ അഭിപ്രായപ്പെട്ടു. കലോത്സവങ്ങിൽ പങ്കെടുക്കുന്നത് സഭാകമ്പം ഒഴിവാക്കുമെന്ന് കല്യാൺ സിൽക്ക്സ് ഉടമ ടി.എസ്.പട്ടാഭിരാമനും പറഞ്ഞു. ഇരുവർക്കും കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് ഉപഹാരം സമ്മാനിച്ചു. ജി.സുധാകരൻ എം.എൽ.എ, ബ്രാഹ്മണസഭ തൃശൂർ ജില്ല സെക്രട്ടറി ഡി.മൂർത്തി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |