ആലപ്പുഴ: മൊബൈൽ ഫോൺ എടുത്ത് സ്കാൻ ചെയ്‌ത് നിമിഷങ്ങൾക്കകം പണമടയ്ക്കുന്ന കാലത്തുനിന്ന് വ്യാപാര ഇടപാടുകൾ വീണ്ടും നോട്ടിലേക്ക് മടങ്ങുമോ എന്ന ആശങ്കയിലാണ് ജനം. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) സംവിധാനം ജനകീയമായതോടെ പലരും പണം കൈയിൽക്കൊണ്ട് നടക്കുന്ന പതിവേ നിർത്തി. മോഷ്ടാക്കളെ പേടിക്കുകയും വേണ്ട. കെ.എസ്.ആർ.ടി.സി ബസിൽ വരെ യു.പി.ഐ ഇടപാടുകൾ വന്നതോടെ പലരും പഴ്സ് പോലും ഉപേക്ഷിച്ചു. ഇത്തരത്തിൽ ഇടപാടുകൾ ഈസിയായി മുന്നേറുന്നതിനിടെയാണ് യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് ഒക്ടോബർ 15ന് യു.പി.ഐ ബഹിഷ്‌കരിക്കാൻ വ്യാപാരികൾ തീരുമാനിച്ചിരിക്കുകയാണ്.
കേന്ദ്രത്തിന്റെ പുതിയ നയത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് ആലോചന. ഇക്കാര്യം 27ന് നടക്കുന്ന വ്യാപാരി വ്യവസായ ഏകോപന സമിതി യോഗത്തിൽ യൂത്ത് വിംഗ് ചർച്ച ചെയ്യും.
ഡിജിറ്റൽ പണമിടപാട് സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ സാഹചര്യത്തിലാണ് യു.പി.ഐ ബഹിഷ്‌കരണത്തിനുള്ള നീക്കം നടക്കുന്നത്. പണം കൈയിൽ കരുതേണ്ടിവരുന്നതും ചില്ലറയുടെ ലഭ്യത ഉറപ്പാക്കേണ്ടിവരുന്നത് അടക്കമുള്ള പഴയ രീതികൾ വീണ്ടും വ്യാപാരത്തിന്റെ ഭാഗമാകുമ്പോൾ ഇടപാടുകാർ ഇത് എത്രകണ്ട് സ്വീകരിക്കുമെന്നത് കണ്ട് അറിയേണ്ട കാര്യമാണ്.
ബഹിഷ്‌കരിക്കാൻ വ്യാപാരികൾ
1.ഒക്ടോബർ 15 മുതൽ യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനാണ്
സർക്കാർ തീരുമാനം. 2,000ന് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) ഏർപ്പെടുത്തുന്നതോടെ വ്യാപാരികൾക്ക് അധിക സാമ്പത്തികബാദ്ധ്യത ഉണ്ടാകുമെന്നാണ് അവർ പറയുന്നത്
2.ഉപഭോക്താവിന് കൈയിൽ പണമില്ലെങ്കിലും മൊബൈൽ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് പണം നൽകാനുള്ള സൗകര്യം ഇന്ന് വ്യാപാരത്തിന്റെ ഭാഗമാണ്. ചെറിയ മുറുക്കാൻ കട മുതൽ വലിയ മാളുകളിൽ വരെ യു.പി.ഐ സ്‌കാനറുകൾ
ഉപയോഗിച്ചുള്ള പേമെന്റുകൾ സാധാരണമാണ്
3.പുതിയ നിരക്കിൽ പ്രതിഷേധിച്ച് വ്യാപാരികൾ യു.പി.ഐ സ്കാനറുകൾ എടുത്തുമാറ്റിയാൽ കൈയിൽ നോട്ടുണ്ടെങ്കിൽ സാധനം വാങ്ങാം എന്ന പഴയ രീതിയിലേക്ക് വ്യാപാരം മടങ്ങിപ്പോകുമേ എന്നതരത്തിലുള്ള ചർച്ചകളും വ്യാപാര സമൂഹത്തിൽ സജീവ ചർച്ചയാണ്
യു.പി.ഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കുന്നതിനെതിരെ വ്യാപാരികൾ ശക്തമായി പ്രതിഷേധിക്കും. ഒക്ടോബർ 15 മുതൽ യു.പി.ഐ ബഹിഷ്‌കരണം ഉൾപ്പെടെയുള്ള പ്രതിഷേധ നടപടികളിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആലോചിക്കും
-പ്രവീൺ രാഭദ്രൻ, ജില്ലാ പ്രസിഡന്റ്
വ്യാപാര വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |