SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.02 AM IST

വളത്തിനുള്ള രജിസ്ട്രേഷൻ കർഷകരെ കുഴപ്പിക്കും

ആലപ്പുഴ : രണ്ടാംകൃഷിയുടെ വളപ്രയോഗത്തിനുള്ള സമയമായിരിക്കെ സബ്‌സിഡിയോടുകൂടിയ രാസവളവിതരണത്തിനാവിഷ്കരിച്ച ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (എഫ്.എഫ്.എസ്) പൈലറ്റ് പദ്ധതി കർഷകർക്ക് പുലിവാലായി. കൃഷിയ്ക്ക് ആവശ്യമായ വളം മുൻകൂട്ടി ഉറപ്പാക്കാനും സമയബന്ധിതമായി ലഭ്യമാക്കാനും ആവിഷ്കരിച്ച പദ്ധതിയുടെ രജിസ്ട്രേഷനാണ് കർഷകരെ കുഴയ്ക്കുന്നത്. ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ മുഖേന കർഷകർ നേരിട്ട് എഫ്.എഫ്.എസിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിബന്ധന.

കുട്ടനാട്ടിലെ സാധാരണക്കാരായ കർഷകരിൽ 70ശതമാനവും കീ പാഡ് മോഡൽ ഫോണാണ് ഉപയോഗിക്കുന്നത്. ആൻഡ്രോയ്ഡ് ഫോണുകളുള്ളവർക്കേ പ്ളേ സ്റ്റോറിൽ നിന്ന് എഫ്.എഫ്.എസ് ഡൗൺലോഡ് ചെയ്ത് പദ്ധതിയുടെ ഭാഗമാകാനാകുകയുള്ളൂ. കൃഷിയ്ക്ക് വളം ആവശ്യമായതിന് മൂന്ന് ദിവസം മുമ്പ് രജിസ്റ്റർ ചെയ്യണം. ഇതനുസരിച്ച് രണ്ടാംകൃഷിയുടെ വളപ്രയോഗത്തിന് ആൻഡ്രോയ്ഡ് ഫോണുള്ള കർഷകരിൽ ചിലർ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇക്കാര്യത്തിൽ കൃഷി വകുപ്പിനും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല. വിത കഴിഞ്ഞ് 16 ദിവസം കഴിയുമ്പോഴാണ് ആദ്യ വളപ്രയോഗം. 35 ദിവസത്തിന് മുമ്പ് രണ്ടാംവളവും 45ദിവസത്തിനകം മൂന്നാം വളവും നൽകണം.

രാസവളങ്ങളുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ സബ്സിഡി സഹായത്തോടെ വളം ലഭിക്കണമെങ്കിൽ എഫ്.എഫ്.എസ് രജിസ്ട്രേഷൻ കൂടിയേ തീരൂ. ഏറ്റവും കൂടുതൽ നെൽകർഷകരുള്ള ആലപ്പുഴയും പാലക്കാടുമാണ് സംസ്ഥാനത്ത് എഫ്.എഫ്.എസ് പൈലറ്റ് പദ്ധതിയ്ക്കായി തിരഞ്ഞെടുത്തത്. 74,000 നെൽകർഷകരുള്ള പാലക്കാടും 34,000 നെൽകർഷകരുള്ള ആലപ്പുഴയും പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നതിലെ അനൗചിത്യം കേരളകൗമുദി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്.

സ്മാർട്ട് ഫോൺ ഇല്ലാത്ത കർഷകർ പെടും

 കർഷകരിൽ ഭൂരിഭാഗവും 50 വയസ്സിന് മുകളിലുള്ളവരാണ്. സ്മാർട്ട് ഫോണില്ലാത്തവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ സ്വയം ചെയ്യാനാകില്ല

 കുട്ടനാട്ടിലുൾപ്പെടെ പല നെൽപ്പാടങ്ങളുടെയും ഉടമകൾ ഇന്ന് കേരളത്തിന് പുറത്തോ വിദേശത്തോ ജോലിയിലോ പഠനത്തിലോ ആണ്

 ഭൂവുടമ സ്ഥലത്തില്ലാതിരിക്കെ മാതാപിതാക്കളോ ബന്ധുക്കളോ അംഗീകൃത കർഷകരോ ആണ് ഇവി‌ടങ്ങളിൽ കൃഷി നടത്തുന്നത്

 ഇത്തരത്തിലുള്ള ഭൂമികളുടെ എഫ്.എഫ്.എസ് രജിസ്ട്രേഷൻ, ആധാർ പരിശോധനഎന്നിവയും പ്രയാസകരമാണ്

 പല കർഷകരുടെയും ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതും രജിസ്ട്രേഷന് തടസ്സമാകുന്നുണ്ട്

എഫ്.എഫ്.എസ് പദ്ധതി

കർഷകർക്ക് ആവശ്യമായ വളം മുൻകൂട്ടി ലഭ്യമാക്കുന്നതിനുള്ള ആസൂത്രണമാണ് ലക്ഷ്യം. നിയമാനുസൃതമായി കൃഷി ചെയ്യുന്ന എല്ലാവർക്കും സബ്‌സിഡി വളം ലഭ്യമാകും. രേഖകളുടെ അഭാവം മൂലം യഥാർത്ഥ കർഷകർക്ക് വളം നിഷേധിക്കപ്പെടില്ലെന്നതാണ് സംവിധാനത്തിന്റെ അടിസ്ഥാന തത്വം.

രണ്ടാം കൃഷിയ്ക്ക് വളപ്രയോഗത്തിന് സമയമായിരിക്കെ എഫ്.എഫ്.എസ് രജിസ്ട്രേഷനിലെ അപാകതകൾ പരിഹരിക്കുന്നതിനും കർഷകർക്ക് യഥാസമയം വളം ലഭ്യമാക്കാനും നടപടിയുണ്ടാകണം

- ലാലിച്ചൻ പള്ളിവാതുക്കൽ, നെൽകർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL