
ആലപ്പുഴ : തോട്ടപ്പള്ളിയിലെ നിലവിലെ സ്പിൽവേയ്ക്ക് പകരം ആധുനിക സ്പിൽവേ നിർമ്മിക്കുന്നതിനും നിലവിലുള്ള സ്പിൽവേയുടെ കേടായ ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകി. അമ്പലപ്പുഴമണ്ഡലത്തിലെ വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ അവലോകനം ചെയ്യാൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജി. സുധാകരൻ എം.എൽ.എയാണ് നിർദ്ദേശം നൽകിയത്.
അമ്പലപ്പുഴ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്തെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് വേഗത്തിലാക്കാൻ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം.
നിർമ്മാണവുമായി ബന്ധപ്പെട്ട് മാറ്റിസ്ഥാപിച്ച കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാ കവചങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിലുൾപ്പെട്ട പ്രവൃത്തികൾക്ക് ടെൻഡർ തുകയേക്കാൾ അധിക തുക അനുവദിക്കാത്തതിനാൽ കരാറുകാർ ജോലി ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തോട്ടപ്പള്ളി - കളർകോട് കണക്ടിവിറ്റി റോഡ് രണ്ടാം ഘട്ടത്തിലുൾപ്പെട്ട 13 റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം വിളിക്കും.
യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ, എ.ഡി.എം സി. പ്രേംജി, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസർ ആർ. രജിത്ത്, ഫിനാൻസ് ഓഫീസർ അജയാനന്ദ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |