
മാന്നാർ: എ.ടി.എം കൗണ്ടറിൽ പണമെടുക്കാൻ എത്തിയയാൾ വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാന്നാർ ആലുംമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിലാണ് ഇന്നലെ രാവിലെ പണം എടുക്കാനെത്തിയ കുട്ടമ്പേരൂർ ഊട്ടുപറമ്പിൽ ജേക്കബ് ചാക്കോ (59) വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോഴാണ് ഷോക്കേറ്റത്. ഇലക്ട്രീഷ്യൻ കൂടിയായ ജേക്കബ് പെട്ടെന്ന് കൈ പിൻവലിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ ടെസ്റ്റർ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോൾ വാതിലിലും മറ്റ് ഭാഗങ്ങളിലും വൈദ്യുതി പ്രവഹിക്കുന്നതായി മനസ്സിലാക്കിയതിനെ തുടർന്ന് ജേക്കബ് ചാക്കോ, മാന്നാർ കെ.എസ്.ഇ.ബിയെ വിവരമറിയിക്കുകയും ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. മഴക്കാലമായതിനാൽ ഏറെ അപകടങ്ങൾക്കിടയാക്കുമായിരുന്ന സാഹചര്യം സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ ജേക്കബ് ചാക്കോയെ കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും അഭിനന്ദിച്ചു. മാന്നാറിലെ കേരളാവിഷൻ ഡിജിറ്റൽ കേബിൾ ടി.വി ഓപ്പറേറ്ററാണ് ജേക്കബ് ചാക്കോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |