
ആലപ്പുഴ: രണ്ട് മാസത്തെ അവധിക്കാല തിമിർപ്പിന് വിരാമമിട്ട് കുട്ടികൂട്ടം ഇന്ന് സ്കൂളുകളിലേക്ക് തിരികയെത്തും. പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ പതിവ് പോലെ വർണവൈവിദ്ധ്യങ്ങൾ നിറഞ്ഞ അലങ്കാരങ്ങളാണ് എല്ലാ സ്കൂളുകളിലും ഒരുക്കിയിരിക്കുന്നത്. ആദ്യമായി സ്കൂൾ അന്തരീക്ഷത്തിലേക്ക് എത്തുന്ന ഒന്നാം ക്ലാസിലെയും കിൻഡർ ഗാർഡൻ ക്ലാസുകളിലെയും കുട്ടികൾക്ക് മധുരമടക്കം പ്രത്യേക സമ്മാനങ്ങൾ മിക്ക വിദ്യാലയങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ അഡ്മിഷനെടുത്ത കുട്ടികളുടെ എണ്ണം ആറാം പ്രവൃത്തി ദിനത്തിലേ വ്യക്തമാകൂ. അപ്പോൾ മാത്രമേ സർക്കാർ സംവിധാനത്തിലേക്ക് എത്തുന്ന കിട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടോ എന്ന് വിലയിരുത്താനും സാധിക്കു.
മുഹമ്മ ചാരമംഗലം ഗവ. ഹൈസ്കൂളിൽ നടക്കുന്ന ജില്ലാതല പ്രവേശനോത്സവം രാവിലെ പത്തിന് പി.പ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹീന്ദ്രൻ അദ്ധ്യക്ഷനാകും. പുതിയ അദ്ധ്യയന വർഷത്തേക്കുള്ള യൂണിഫോമും പുസ്തകങ്ങളും പരമാവധി കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞു. നിലവിലുള്ള ഉച്ചഭക്ഷണ മെനുവും മറ്റും തുടരാനാണ് തീരുമാനം.
523 സ്കൂളുകൾ അൺഫിറ്റ്
ജില്ലയിലെ 753 സ്കൂളുകളിൽ 523 എണ്ണവും അൺഫിറ്റ്! ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും സ്കൂൾപരിസരം ശുചീകരിക്കുന്നതിന് സർക്കാരിൽ നിന്ന് കൃത്യസമയത്ത് നിർദേശങ്ങൾ ലഭിക്കാത്തതും പ്രതിസന്ധിയായെന്നാണ് സ്കൂളുകളുടെ വിശദീകരണം. ഇത്രയധികം സ്കൂളുകൾക്ക് ഫിറ്റ്നസ് ലഭിക്കാതിരിക്കുന്നത് അസാധാരണമാണ്. ഒരു മാസത്തേക്കുള്ള താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് വിദ്യാലയങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. പോരായ്മകൾ പരിഹരിക്കുന്ന മുറയ്ക്ക് ഫുൾ ഫിറ്റ്നസ് അംഗീകാരം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |