
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് നൂറേക്കറിൽ ലോജിസ്റ്റിക്സ് പാർക്ക് സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ്. തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി (എക്സിം) ആരംഭിക്കുന്നതോടെ കണ്ടെയ്നറുകൾ സൂക്ഷിക്കാനുള്ള വെയർ ഹൗസുകൾ, കോൾഡ് ചെയിൻ സൗകര്യങ്ങൾ, ഫ്രൈറ്റ് സ്റ്റേഷൻ എന്നിവ വേണ്ടി വരും. സർക്കാർ നൽകിയ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുക. തുറമുഖത്തിന്റെ അടുത്തഘട്ട വികസനം പൂർത്തിയായാലുടൻ ലോജിസ്റ്റിക്സ് പാർക്ക് നിർമ്മാണം തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങൾ പറഞ്ഞു.
ആഗസ്റ്റ് 18മുതൽ വിഴിഞ്ഞം എക്സിം തുറമുഖമായി മാറുകയാണ്. കണ്ടെയ്‌നറുകളിലെ കാർഗോ പരിശോധിച്ച് തരംതിരിക്കാനും വീണ്ടും പാക്ക് ചെയ്യാനും കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ആവശ്യമാണ്. നിലവിൽ തുറമുഖത്ത് ഫ്രൈറ്റ് സ്റ്റേഷനില്ല. എക്‌സിം പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ഫുൾ ലോഡ് കണ്ടെയ്‌നറുകൾ മാത്രമേ കയറ്റി അയയ്ക്കാനാവൂ. കണ്ടെയ്‌നറുകളുടെ 30 ശതമാനവും എക്‌സിം ചരക്കുകളാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ തുടക്കത്തിൽ റോഡ് മാർഗ്ഗവും, 10 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാത നാല് വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ റെയിൽ മാർഗ്ഗവും കൊണ്ടു പോകാനാവും. റോഡ് മാർഗ്ഗമുള്ള എക്‌സിം ചരക്ക് നീക്കത്തിന്റെ അളവനുസരിച്ച് താത്കാലിക സൗകര്യമൊരുക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്.
ലോജിസ്റ്റിക്സ് പാർക്കിനായി സർക്കാർ നൽകിയ ഭൂമി ബൈപ്പാസിന് എതിർ വശത്താണ്. അവിടേക്ക് വീതിയേറിയ റോഡില്ലെന്നതും 40 ശതമാനവും ചതുപ്പാണെന്നതുമാണ് വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |