SignIn
Kerala Kaumudi Online
Monday, 27 July 2026 1.47 AM IST

മാസപ്പടി: വീണയുടെ സ്വത്ത് കണ്ടുകെട്ടൽ ഒരാഴ്‌ച്ചയ്ക്കകം

READ ENGLISH VERSION
1

കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ, എക്‌സാലോജിക് കമ്പനി, സി.എം.ആർ.എൽ കമ്പനി ഉടമകൾ, കമ്പനിയിലെ ഉന്നതോദ്യോഗസ്ഥർ എന്നിവരുടെ 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടു കെട്ടും. പിണറായിയുടെ മൊഴിയും രേഖപ്പെടുത്തും. കണ്ടുകെട്ടലിന് ഇ.ഡിയുടെ ഡൽഹിയിലെ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. താത്കാലിക കണ്ടുകെട്ടലാവും ആദ്യം. ഉടമകളുടെ വിശദീകരണം കേട്ട ശേഷമായിരിക്കും സ്ഥിരമായ കണ്ടുകെട്ടൽ. ഇ.ഡി റെയ്ഡിലും തുടരന്വേഷണത്തിലും കണ്ടെത്തിയ സ്വത്തുക്കൾ, മരവിപ്പിച്ച സ്വത്തുക്കൾ തുടങ്ങിയവയുടെ വിശദാംശം ശേഖരിച്ചിട്ടുണ്ട്. വീണയുടെ ഭൂസ്വത്തുക്കൾ, എക്‌സാലോജിക് സൊല്യൂഷൻസിന്റെ സ്വത്തുക്കൾ എന്നിവയുടെ പട്ടികയും തയ്യാറാണ്. സി.എം.ആർ.എൽ കമ്പനി ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ കണ്ടുകെട്ടേണ്ട സ്വത്തുക്കളുടെ ആധാരങ്ങൾ, ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ തുടങ്ങി സമഗ്രമായ റിപ്പോർട്ടാണ് അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചത്.

 പിണറായിയെ വിളിപ്പിച്ചേക്കും

വീണയ്‌ക്ക് സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് 2.78 കോടി ലഭിച്ചതിൽ പിണറായി വിജയന്റെ മൊഴിയും രേഖപ്പെടുത്തണമെന്ന നിലപാടിലാണ് ഇ.ഡി കൊച്ചി ഓഫീസ്. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്തും പണം ലഭിച്ചിട്ടുണ്ട്. പിണറായിയുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരിലാണ് വീണയ്‌ക്ക് പണം നൽകിയതെന്ന് 2024 ഏപ്രിൽ 17ന് സി.എം.ആർ.എൽ മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്ത നൽകിയ മൊഴിയിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. മാസപ്പടിക്കേസിൽ നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഡയറക്‌ടർ രാഹുൽ നവീനിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തെ റെയ്ഡ് സി.പി.എം ചെറുത്ത സാഹചര്യത്തിൽ, പിണറായിയെ ഓഫീസിൽ വിളിച്ചു വരുത്തുന്നതും പരിഗണിക്കുന്നുണ്ട്.

 പിണറായിയെ ചോദ്യം ചെയ്യാതിരിക്കാനാകില്ല

കൊച്ചി : മാസപ്പടിക്കേസിൽ പിണറായി വിജയനെ ചോദ്യം ചെയ്യാതിരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. അതിന് ശശിധരൻ കർത്തയുടെ മൊഴി മാത്രം മതി. സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയ എല്ലാവരിലേക്കും ഇ.ഡി അന്വേഷണം നീളണം. ഒത്തുതീർപ്പും സ്വാധീനവും ഇനി നടക്കില്ല. ഇ.ഡി ആസ്ഥാനത്തിന്റെ മേൽനോട്ടത്തിൽ അന്വേഷണം നല്ല നിലയിൽ പോകുന്നുണ്ട്. അത് പിണറായിയിൽ എത്തുമെന്ന് ഉറപ്പുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താൻ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഷോൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA