SignIn
Kerala Kaumudi Online
Friday, 28 August 2026 4.57 AM IST

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ! അഭ്യൂഹമെന്ന് ക്രൈംബ്രാഞ്ച്,​ ഇന്റർപോളിനെ സമീപിക്കും

READ ENGLISH VERSION
sukumara-kurup

തിരുവനന്തപുരം: തിരോധാനത്തിന് നാല് പതിറ്റാണ്ട്. എന്നിട്ടും പ്രഹേളികയായി സുകുമാരക്കുറുപ്പ്. കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് പുതിയ കഥ. മലേഷ്യയിൽ ജനിച്ച മലയാളിയെന്ന വ്യാജേനയാണ് ഒളിജീവിതം. ഭാര്യയും മകനും അബുദാബിയിലാണെന്നും പ്രചരിക്കുന്നു. ബ്രൂണെയിൽ നിന്നെന്ന പേരിൽ ചിത്രങ്ങളും പുറത്തുവന്നു.

എന്നാൽ,​ അഭ്യൂഹമാവാനാണ് സാദ്ധ്യതയെന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്യാംസുന്ദർ കേരളകൗമുദിയോട് പറഞ്ഞു. സ്ഥിരീകരണത്തിന് ഇന്റർപോളിനെ സമീപിക്കും.

കോളിളക്കം സൃഷ്ടിച്ച ‌ചാക്കോ വധക്കേസിലെ പ്രതിയാണ് കുറുപ്പ്. 1984 ജനുവരി 22നായിരുന്നു കേരളത്തെ നടുക്കിയ വധക്കേസ്.

കുറുപ്പിന്റെ ബന്ധുക്കളുടെ ഫോൺ ചോർത്തിയാണ് ബ്രൂണെ ബന്ധം കണ്ടെത്തിയതത്രേ. മലേഷ്യ- ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാംഗിൽ ചൈനാക്കാരനുമായി ചേർന്ന് നിർമ്മാണക്കമ്പനിയുമുണ്ട്. സൈബർ വിദഗ്ദ്ധൻ ചോർത്തിയതെന്ന് പ്രചരിക്കുന്ന ഫോൺ സംഭാഷണത്തിൽ,​ ആരും തന്നെ കണ്ടെത്തില്ലെന്ന് ഭാര്യയോട് പറയുന്ന ഭാഗവുമുണ്ട്. എന്നാൽ ഇങ്ങനെയൊരു സൈബർ വിദ്ഗ്ദ്ധൻ ബന്ധപ്പെട്ടിട്ടില്ലെന്ന് ഐ.ജി ശ്യാംസുന്ദർ വ്യക്തമാക്കി.

കുറുപ്പുമായി രൂപ സാദൃശ്യമുള്ളയാൾക്ക് 78 വയസുണ്ടെന്നാണ് പ്രചാരണം. എന്നാൽ കുറുപ്പിനിപ്പോൾ 83 വയസായിട്ടുണ്ടാവുമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കുറുപ്പിന്റെ 'ഒളിത്താവളത്തിന്റെ" ദൃശ്യങ്ങൾ പോലും ചാനലുകൾ പുറത്തുവിട്ടു. ഇതിനും സ്ഥിരീകരണമില്ല.

അതേസമയം, കുറുപ്പ് ബ്രൂണെയിലുണ്ടെന്ന് മുൻ അന്വേഷണസംഘാംഗം അലി അക്ബർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കുറുപ്പിന്റേതെന്നവകാശപ്പെട്ട് ചിത്രവും പുറത്തുവിട്ടു. കാറിലെ യാത്രയും ഹോട്ടലിലെ താമസവുമടക്കം വിവരങ്ങളും പക്കലുണ്ടെന്ന് പറയുന്നു. ക്രിസ്ത്യൻ, ഹിന്ദു പേരുകൾ ചേർത്ത് ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരനെന്നാണ് കുറുപ്പിന്റെ ബ്രൂണെയിലെ ഐഡന്റിറ്റി. ഇതും ക്രൈംബ്രാഞ്ച് തള്ളി. കുറപ്പ് മരിച്ചതിനാൽ കേസ് പൊലീസ് അവസാനിപ്പിക്കുകയാണെന്ന പ്രചാരണവും ശക്തമായി. മരിച്ചതിന് തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയുടെ അന്വേഷണം തുടരുകയാണ്. ഇപ്പോഴത്തെ പ്രചാരണങ്ങൾക്ക് യാതൊരു സ്ഥിരീകരണവുമില്ല

-എസ്.ശ്യാംസുന്ദർ,

ഐ.ജി, ക്രൈംബ്രാഞ്ച്

English Summary

Four decades after the disappearance of Sukumara Kurup, the mystery surrounding his whereabouts remains unsolved.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUKUMARA KURUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA