SignIn
Kerala Kaumudi Online
Friday, 26 June 2026 3.05 AM IST

ശബരിമല അഷ്ടാഭിഷേക ഫണ്ട് ചോർന്നിട്ടില്ല ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ

READ ENGLISH VERSION
sabarimala

കൊച്ചി: ശബരിമലയിൽ അഷ്ടാഭിഷേകത്തിനായി പാലും കരിക്കും പനിനീരും വാങ്ങാൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് 300 രൂപ വീതം അനുവദിക്കുന്നതിലൂടെ ദേവസ്വം ഫണ്ടിലെ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് തുക നിശ്ചയിച്ചത്. ഇതുപ്രകാരമുള്ള പണം മാത്രമാണ് 10 വർഷത്തിനിടെ ചെലവഴിച്ചത്. അതിനാലാണ് ബില്ലുകൾ സൂക്ഷിക്കാത്തതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിശദീകരിച്ചതായും റിപ്പോർട്ടിലുണ്ട്.

2016-26 കാലയളവിൽ 31,313 അഷ്ടാഭിഷേകങ്ങൾ നടന്നു. മൂന്ന് സാധനങ്ങൾ വാങ്ങുന്നതിന് ആകെ 93,93,900 രൂപ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് നൽകി. ഒരു ലിറ്റർ വീതം പാൽ, പനിനീർ, അഞ്ച് കരിക്ക് എന്നിവയ്‌ക്കാണ് 300 രൂപ അനുവദിച്ചത്.

എന്നാൽ, കൃത്യമായ ഓഡിറ്റിംഗിന് ബില്ലുകൾ ആവശ്യമാണെന്നും ഈ മൂന്നു സാധനങ്ങളും ദേവസ്വം മെയിൻ സ്റ്റോറിൽ നിന്ന് വാങ്ങാനാകുമോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അഷ്ടാഭിഷേകത്തിന് എട്ട് സാധനങ്ങളാണ് വേണ്ടത്. അഞ്ചിനങ്ങൾ മെയിൻ സ്റ്റോറിൽ നിന്നാണ് നൽകുന്നത്.

അഷ്ടാഭിഷേകത്തിന്റെ പേരിലും ക്രമക്കേട് നടക്കുന്നതായി വിജിലൻസ് റിപ്പോർട്ടുണ്ടെന്ന് സ്‌പെഷ്യൽ കമ്മിഷണർ അറിയിച്ചതിനെ തുടർന്നാണ് വിഷയം കോടതി പരിഗണിച്ചത്. 10 വർഷത്തെ കണക്ക് പരിശോധിക്കാൻ ഓഡിറ്റ് വിഭാഗത്തോട് നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ രമ രാജനാണ് റിപ്പോർട്ട് നൽകിയത്.

അഷ്ടാഭിഷേകത്തിന് ഫീസ് 6000 രൂപ

1. മുമ്പ് 751 രൂപയായിരുന്നു അഷ്ടാഭിഷേകത്തിന്. ഇതിനാവശ്യമായ സാധനങ്ങൾ പുറത്തുനിന്ന് വാങ്ങുന്നത് ചൂഷണത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ അനുമതിയോടെ ഫീസ് നിശ്ചയിച്ചു.

2. 2020 ലാണ് അഷ്ടാഭിഷേകത്തിന് ഫീസ് 6000 രൂപയാക്കിയത്. ഇതിൽ നിന്ന് 300 രൂപയാണ് മൂന്നു സാധനങ്ങൾക്കായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് നൽകുന്നത്.

3. പെട്ടെന്ന് നശിക്കുന്ന സാധനങ്ങളായതിനാൽ കരിക്കും പാലും പനിനീരും വലിയതോതിൽ സ്റ്റോക്ക് ചെയ്യാനാകില്ല. ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA