
തിരുവനന്തപുരം: പരീക്ഷാ,നിയമന തട്ടിപ്പുകളിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജുവിനെയും കമ്മിഷനംഗങ്ങളെയും പിരിച്ചു വിടാനുള്ള മുൻ ഗവർണറുടെ ശുപാർശയിൽ സുപ്രീം കോടതി അന്വേഷണം തുടങ്ങുന്നതോടെ, പി.എസ്.സി ചെയർമാനും അംഗങ്ങളും സസ്പെൻഷനിലായേക്കും.
ഗവർണർ നൽകിയ ശുപാർശ കേന്ദ്ര സർക്കാരിന്റെ ഉപദേശം തേടിയ ശേഷമാവും രാഷ്ട്രപതി സുപ്രീം കോടതിക്ക് കൈമാറുക. ചെയർമാനും അംഗങ്ങൾക്കും സുപ്രീം
കോടതി നോട്ടീസയയ്ക്കും. ഇതോടെ, അവരെ സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയും. പി.എസ്.സിയിലെ ഭരണഘടനാ പദവിയിലിരുന്ന് സുപ്രീം കോടതിയുടെ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയോ ,തെളിവുകളും വിവരങ്ങളും നൽകാതിരിക്കുകയോ ചെയ്യാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാവും സസ്പെൻഷൻ. പി.എസ്.സിയുടെ പണമുപയോഗിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തടയാൻ ഹൈക്കോടതിയിൽ കേസ് നടത്തുന്നതും കുറ്റക്കാരായ ഉദ്യോഗസ്ഥരെയടക്കം സംരക്ഷിക്കുന്നതും സസ്പെൻഷനുള്ള കാരണങ്ങളാണ്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും പി.എസ്.സിയിൽ നിന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്തപ്പോഴൊന്നും അനങ്ങാതിരുന്ന കമ്മിഷൻ, അംഗങ്ങൾക്ക് നോട്ടീസ് നൽകിയതോടെയാണ് കോടതിയിൽ പോയത്.
പ്രതിയാക്കിയാലും
സസ്പെൻഷൻ
ചെയർമാൻ എം.ആർ.ബൈജുവിനെയും 4 അംഗങ്ങളെയും ക്രൈം ബ്രാഞ്ച് ഉടനെ ചോദ്യം ചെയ്യും. 5 പേർക്കു കൂടി നോട്ടീസ് നൽകാനാണ് തീരുമാനം. തെളിവു കിട്ടിയാൽ ചെയർമാനെയും ഏതാനും അംഗങ്ങളെയും പ്രതി ചേർത്തേക്കും. അങ്ങനെയായാലും ഗവർണർ സസ്പെൻഡ് ചെയ്യാനിടയുണ്ട്. ഇവരെ പുറത്താക്കണമെങ്കിൽ സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകണം..
5 പേരെ സർക്കാരിന്
നിയമിക്കാം
ചെയർമാനെയും 15 അംഗങ്ങളെയും ഗവർണർ സസ്പെൻഡ് ചെയ്താലും ഇപ്പോഴുള്ള 5 ഒഴിവുകളിൽ നിയമനത്തിന് സർക്കാരിന് ഗവർണറോട് ശുപാർശ ചെയ്യാം. ഇതിലൊരാളെ ആക്ടിംഗ് ചെയർമാനാക്കി ഭരണ പ്രതിസന്ധി ഒഴിവാക്കാം. ഇതിനുള്ള നടപടികൾ സർക്കാർ തുടങ്ങിയെന്നാണറിയുന്നത്.
180 പരാതികൾ
ചെയർമാനും അംഗങ്ങൾക്കുമെതിരേ 180 പരാതികളാണ് ക്രൈം ബ്രാഞ്ചിലുള്ളത്. നിലവിൽ ഒരു കേസാണുള്ളത്. മൂന്നെണ്ണം ഇന്ന് രജിസ്റ്റർ ചെയ്യും. 7 കേസുകൾക്ക് രേഖകൾ തയ്യാറാക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |