
ഭരണരംഗത്ത് കേരളത്തിനൊരിക്കലും മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് അന്തരിച്ച മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ. നിരവധിമേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ നേരിട്ട് മനസിലാക്കാൻ സംസ്ഥാന ആസൂത്രണബോർഡ് അംഗമായിരിക്കെ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
എന്നാൽ ഒരു ജനകീയാരോഗ്യപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹവുമായി കൂടുതൽ അടുപ്പമുണ്ടായത് ഇന്ത്യൻ പേറ്റന്റ് കൺട്രോളർ എന്നനിലയിൽ അദ്ദേഹം പുറപ്പെടുവിച്ച ചരിത്രപ്രധാനമായ ഉത്തരവോടെയാണ്. നിർബന്ധിത ലൈസൻസ് വ്യവസ്തപ്രകാരം ക്യാൻസർ ചികിത്സയ്ക്കുള്ള വില കുറഞ്ഞ മരുന്നുത്പാദിപ്പിക്കാൻ ഒരു ഇന്ത്യൻ കമ്പനിയെ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു 2012ലെ ആ ഉത്തരവ്. ഇതോടെ പി.എച്ച്. കുര്യൻ സാർവദേശിയതലത്തിൽ ശ്രദ്ധേയനായി.
ഔഷധങ്ങളുടെ അമിതവില, ദൗർലഭ്യം, രാജ്യത്തിന്റെ ആവശ്യാനുസരണം അളവിൽ മരുന്നുത്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥ, സർക്കാർ മേഖലയിൽ സൗജന്യമായി വിതരണം ചെയ്യുന്നതിന് മരുന്നു ലഭ്യമാക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധിത ലൈസൻസ് പ്രകാരം പേറ്റന്റ് എടുക്കാത്ത മരുന്നുത്പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ് ഓഫീസിനു നൽകാനാവും. ഇന്ത്യയിലാദ്യമായാണ് ഇതു നടപ്പാക്കിയത് എന്നതുകൊണ്ടാണ് പി.എച്ച്. കുര്യന്റെ ഉത്തരവ് ചരിത്രത്തിൽ സ്ഥാനം പിടിച്ചത്.
ജർമ്മൻ കമ്പനിയായ ബേയർ കോർപ്പറേഷൻ നെക്സാവർ എന്ന നാമത്തിൽ വിൽക്കുന്ന സൊറാഫെനിബ് റ്റൊസിലേറ്റ് എന്ന മരുന്നുത്പാദിപ്പിക്കാനുള്ള അവകാശം നാറ്റ്‌കോ എന്ന ഇന്ത്യൻ കമ്പനിക്കു നൽകുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള വൃക്ക, കരൾ ക്യാൻസർ രോഗികൾക്കാണ് ഈ മരുന്നു നൽകുക. നെക്സാവർ ഉപയോഗിക്കുമ്പോൾ ഒരുമാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയും ഒരു വർഷത്തേക്ക് 33,65,136 രൂപയും ചെലവു വരും.
സിപ്ല, നാറ്റ്‌കോ എന്നീ കമ്പനികൾ ഗുണമേന്മയും വിലക്കുറവുമുള്ള സൊറാഫെനിബ് ഉത്പാദിപ്പിച്ച് മാർക്കറ്റിലെത്തിച്ചു. ഒരു മാസത്തെ ചികിത്സയ്ക്ക് സിപ്ലയുടെ മരുന്നിന് 30,000 രൂപയും നാറ്റ്‌കോയുടെ മരുന്നിന് കേവലം 8800 രൂപയും മാത്രമായിരുന്നു വില. രണ്ടുകമ്പനികൾക്കുമെതിരെ പേറ്റന്റ് നിയമലംഘനം ആരോപിച്ച് ബേയർ കോടതിയിൽ കേസ് ഫയൽ ചെയ്തു. അതിനിടെ നാറ്റ്‌കോ നിർബന്ധിത ലൈസൻസ് വ്യവസ്ഥപ്രകാരം തങ്ങളുടെ മരുന്ന് വിൽക്കാനുള്ള അനുവാദത്തിനായി പേറ്റന്റ് കൺട്രോളർക്ക് അപേക്ഷ നൽകി. നാറ്റ്‌കോയുടെ അപേക്ഷ പേറ്റന്റ് കൺട്രോളർ സ്വീകരിച്ചു. ഇതിനെതിരെ ബേയർ നൽകിയ കേസുകൾ ബോംബെ, ഡൽഹി കോടതികൾ തള്ളി. നന്നായി ഗൃഹപാഠം ചെയ്തും ജനകീയതാത്പര്യങ്ങൾ സംരക്ഷിച്ചുമാണ് പി.എച്ച്. കുര്യൻ ഉത്തരവു പുറപ്പെടുവിച്ചത്.
മരുന്നു കമ്പനികളുടെ
ചൂഷണം തുറന്നുകാട്ടി
68 പേജുള്ള കുര്യന്റെ ഉത്തരവ് ബഹുരാഷ്ട്രാ മരുന്നുകമ്പനികളുടെ അധാർമ്മിക വിപണന തന്ത്രങ്ങളേയും കപടവാദങ്ങളേയും ദുരയേയും തട്ടിപ്പിനേയും മറ്റും തുറന്നുകാട്ടുന്ന ആധികാരിക രേഖ കൂടിയാണ്. ഈ ഉത്തരവിനുശേഷം മറ്റൊരു മരുന്നിന്റെ ഉത്പാദനത്തിനും നിർബന്ധിത ലൈസൻസ് പ്രകാരം അനുമതി നൽകിയിട്ടില്ല. ഇവിടെയാണ് പി.എച്ച്. കുര്യന്റെ ഉത്തരവിന്റെ പ്രസക്തി.
പിന്നീട് ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള പദവി അവഗണിച്ച്, ശാസ്ത്രസാഹിത്യ പരിഷത്തും ഇന്ത്യൻ ജനകീയാരോഗ്യ പ്രസ്ഥാനമായ ജന സ്വസ്ഥയ അഭിയാന്റെയും യോഗങ്ങളിൽ പങ്കെടുത്ത് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ ചൂഷണത്തിനെതിരെ അദ്ദേഹം സംസാരിച്ചു. കുര്യന്റെ പൊതുജീവിതത്തെ ഓർക്കുമ്പോൾ, ഭരണപരമായ സംഭാവനകൾക്കൊപ്പം പേറ്റന്റ് നിയമത്തിന്റെ സാധ്യതകളെ പൊതുജനാരോഗ്യത്തിനായി ഉപയോഗിച്ച ധീരമായ തീരുമാനം പ്രത്യേകം ഓർമ്മിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പൊതുതാത്പര്യത്തിന് മുൻതൂക്കം നൽകിയുള്ള ഭരണനിലപാടുകൾ ആദരവോടെ സ്മരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |