SignIn
Kerala Kaumudi Online
Monday, 24 August 2026 3.57 AM IST

കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം പി പരമേശ്വരൻ അന്തരിച്ചു

READ ENGLISH VERSION
mp-parameswaran
എം.പി. പരമേശ്വരൻ

തൃശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്​റ്റ് ചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.

എം.പി. പരമേശ്വരന്റെ നാലാംലോക സിദ്ധാന്തം കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും സി പിഎമ്മിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു.ഇതിനെത്തുടർന്ന് 2004ൽ അദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. ഓൾ ഇന്ത്യ പീപ്പിൾ സയൻസ് നെറ്റ്‌വർക്കിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ദേശീയ തലത്തിൽ സാക്ഷരതാ പ്രസ്ഥാനം വളർത്തുന്നതിൽ നിർണായക പങ്കും അദ്ദേഹം വഹിച്ചിരുന്നു.

ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവയെക്കുറിച്ചുള്ള പൊതുചർച്ചകൾ ശക്തമാക്കാനും ജനങ്ങളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന, ബൗദ്ധിക രംഗത്ത് കാര്യമായ ചർച്ചകൾക്ക് കാരണമായിരുന്നു.

1935 ജനുവരി 18ന് കിരാലൂർ ഗ്രാമത്തിലായിരുന്നു ജനനം. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽനിന്ന് ബിരുദം പൂർത്തിയാക്കി. റഷ്യയിലെ മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ളിയർ എൻജിനീയറിംഗിൽ പിഎച്ച്ഡി നേടി.

1957 മുതൽ 1975 വരെ ഭാഭ ആ​റ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്നു. പിന്നീട് ജോലി രാജിവച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാവുകയായിരുന്നു.

എം.പി. പരമേശ്വരന്റെ മരണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. ആണവ ശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, ചിന്തകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ കേരളത്തിന്റെ പൊതുജീവിതത്തിൽ സവിശേഷമായ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് അടുപ്പിക്കുകയും ശാസ്ത്രീയബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുകയും ചെയ്യുന്നതിന് ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു എം. പി. പരമേശ്വരൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളർച്ചയിലും രാജ്യത്തെ ജനകീയ ശാസ്ത്ര-സാക്ഷരതാ പ്രസ്ഥാനങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു എന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.

English Summary

Renowned nuclear scientist and Communist thinker Dr. M.P. Parameswaran has passed away at 92 in Thrissur due to age-related ailments. He was known for his "Fourth World Theory," which led to his expulsion from CPM in 2004. An active member of Kerala Sasthra Sahithya Parishad, he significantly contributed to fostering scientific temper and intellectual discourse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M P PARAMESWARAN, M P PARAMESWARAN DEATH, COMMUNIST THINKER KERALA, DR M P PARAMESWARAN, MP PARAMESWARAN MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA