
# ഇ.ഡി അന്വേഷിക്കാൻ ശുപാർശ
കൊച്ചി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ സ്പോൺസർ നടത്തിയ ധനസമാഹരണത്തിൽ ദുരൂഹത. രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി സ്പോൺസറുടെ അക്കൗണ്ടിലേക്ക് 206 കോടിയോളമെത്തിയതായി ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് 130 കോടിയും മറ്റൊന്നിൽ നിന്ന് 76 കോടിയുമാണെത്തിയത്. വിദേശത്തേക്ക് പണം കടത്താനുള്ള ഇടനില അക്കൗണ്ടായി സ്പോൺസറുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന സംശയം ബലപ്പെട്ടു. ഇതു വായ്പയായി ലഭിച്ചതാണെന്ന് സമർത്ഥിക്കാനുള്ള രേഖകളോ നികുതി വിവരങ്ങളോ ഹാജരാക്കാൻ സ്പോൺസർക്കായിട്ടില്ല. സ്വന്തം പണമാണ് കൈമാറിയതെന്ന സ്പോൺസറുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലുകൾ.
2025 മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഇടപാട് നടന്നത്. പണം അക്കൗണ്ടിലെത്തിയ ഉടൻ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. സ്പോൺസർക്കും പണം കൈമാറിയവർക്കും അന്വേഷണ സംഘം നോട്ടീസ് നൽകി. അടിമുടി ദുരൂഹത നിറഞ്ഞ പണമിടപാടിൽ ഫെമ ചട്ടങ്ങൾ ലംഘിച്ചെന്ന് സംശയിക്കുന്നതിനാൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കണമെന്ന് സർക്കാരിനോട് ജി.എസ്.ടി അന്വേഷണസംഘം ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ജി.എസ്.ടി വെട്ടിപ്പും നികുതി വരുമാന ചോർച്ചയും കണ്ടെത്താൻ സർക്കാർ നിയോഗിച്ച പ്രത്യേകസംഘമാണ് മെസി വിവാദത്തിലെ സാമ്പത്തികഇടപാട് പരിശോധിക്കുന്നത്. നികുതി വെട്ടിപ്പ്, വരുമാന നഷ്ടം, ഉദ്യോഗസ്ഥരുടെ വീഴ്ച എന്നിവ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം.
സ്പോൺസറെ വിളിപ്പിച്ചേക്കും
സ്പോൺസർമാർ അടക്കമുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുത്തേക്കും. സർക്കാർ തലത്തിലുള്ള ബിസിനസ് റൂളുകൾ, സെക്രട്ടേറിയറ്റ് മാനുവൽ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള ഫിനാൻഷ്യൽ കോഡുകൾ എന്നിവയൊന്നും ഈ ഇടപാടുകളിൽ പാലിക്കപ്പെട്ടിട്ടില്ലെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |