
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്കരിക്കാൻ രാജ്യത്ത് ആദ്യമായി സ്ഥാപിക്കുന്ന അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിൽ ഒന്ന് തിരുവനന്തപുരത്തായിരിക്കും. വ്യാവസായിക,ലോജിസ്റ്റിക് ഇടനാഴികളുടെ സമീപത്തായി ഒന്നിലേറെ സർവകലാശാലകളെയും ഗവേഷണ-നൈപുണ്യ വികസന സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ടൗൺഷിപ്പ് സ്ഥാപിക്കുമെന്നാണ് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖവും വി.എസ്.എസ്.സിയും ടെക്നോപാർക്കും ഒത്തുവന്നത് തിരുവനന്തപുരത്തിന് വഴിതുറന്നു. കേരള സർവകലാശാല കൂടി ആയപ്പോൾ പശ്ചാത്തലം അനുകൂലമായി. ഡിജിറ്റൽ,സാങ്കേതിക സർവകലാശാലകളുടെ സാമീപ്യവുമുണ്ട്. സി.ഇ.ടി,യൂണിവേഴ്സിറ്റി കോളേജ് പോലെ മികവുറ്റ കോളേജുകളും ടൗൺഷിപ്പിന്റെ ഭാഗമാവും.
ഇതെല്ലാം പരിഗണിച്ച കേന്ദ്ര സർക്കാർ, നോഡൽ ഓഫീസറെ നിയമിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അഫ് സാന പർവീണിനെ പദ്ധതിയുടെ നോഡൽ ഓഫീസറാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
വ്യവസായ,ലോജിസിറ്റിക്സ് മേഖലയോട് സർവകലാശാലകളെയും കോളേജുകളെയും ഗവേഷണ സ്ഥാപനങ്ങളെയും കൂട്ടിച്ചേർക്കുന്നതോടെ സംയോജിത അക്കാഡമിക് ഹബുകൾ രൂപപ്പെടും.
ഈ ഹബുകൾക്ക് വിശാലമായ സ്ഥലം കണ്ടെത്തണം. അവിടെ റസിഡൻഷ്യൽ കോംപ്ലക്സുകളും നൈപുണ്യ വികസന കേന്ദ്രങ്ങളും ആശുപത്രികളും മാളുകളുമടക്കം വൻ നിക്ഷേപമുണ്ടാവും. വിവിധ സ്ഥാപനങ്ങൾ ഒരേ ക്യാമ്പസായി പ്രവർത്തിക്കുന്നത് സാമ്പത്തിക,തൊഴിൽ,നൈപുണ്യവികസന,സംരംഭത്വ മേഖലകൾക്ക് ഗുണകരമാവും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസം,നഗരവികസനം,നൈപുണ്യവികസനം വകുപ്പുകളും പങ്കാളികളാണ്.
40% മുടക്കണം
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവിൽ 40ശതമാനം സംസ്ഥാനം മുടക്കണം. ഇതിനായി കേന്ദ്രവുമായി കരാറൊപ്പിടണം.
അമേരിക്കൻ മാതൃക
1. ടൗൺഷിപ്പ് അമേരിക്കയിലെ 'റിസർച്ച് ട്രയാങ്കിൾ' മാതൃകയിൽ. വ്യത്യസ്ത സ്വഭാവമുള്ള സർവകലാശാലകളും സ്ഥാപനങ്ങളും ഒന്നിച്ചുവരുമ്പോൾ വിദ്യാർത്ഥികൾക്ക് പഠനത്തിനും ഗവേഷണത്തിനും ഗുണകരം.
2. വിദ്യാഭ്യാസത്തെ തൊഴിലുമായും സംരംഭകത്വവുമായും ബന്ധിപ്പിക്കപ്പെടും. ക്യാമ്പസുകൾ വ്യവസായ സഹകരണത്തിന്റെയും ഗവേഷണാധിഷ്‌ഠിത പഠനത്തിന്റെയും കേന്ദ്രങ്ങളാകും.
3. ശാസ്ത്രശാഖകളുടെ സംയോജനത്തിലൂടെ പുതിയ ആശയങ്ങളുമുണ്ടാവും. കോളേജുകൾക്ക് ലാബുകളും ലൈബ്രറികളും ഗവേഷണ സൗകര്യങ്ങളും പങ്കിടാം.
4. ഗവേഷണ ഗ്രാന്റുകൾ ലഭിക്കാൻ വഴിയൊരുങ്ങും. ആഗോള കമ്പനികളെ ആകർഷിക്കാം. തൊഴിലിനപ്പുറം പരസ്പരം സഹകരിക്കുന്ന അറിവിന്റെ കേന്ദ്രങ്ങളായിരിക്കും ടൗൺഷിപ്പുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |