
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കം മാറാത്തതിനാൽ, ചെലവുചുരുക്കൽ നടപടികൾ കർശനമായി തുടരേണ്ടിവരുമെന്ന് ധനവകുപ്പ്. അടുത്തവർഷത്തെ ബഡ്ജറ്റ് തയ്യാറാക്കാനായി വകുപ്പുകൾക്ക് അയച്ച സർക്കുലറിലാണ് മുന്നറിയിപ്പ്.
നോൺ പ്ളാൻ ചെലവ് സെപ്തംബർ 10നും പ്ളാൻ എസ്റ്റിമേറ്റ് 15നും പദ്ധതി എസ്റ്റിമേറ്റ് സെപ്തംബർ 20നും നൽകാനാണ് നിർദ്ദേശം. ശമ്പളമൊഴികെയുള്ള ഒരു ചെലവിനും വർദ്ധനവ് വേണ്ട, ഇപ്പോഴുള്ള നിരക്ക് തുടരണം. കഴിയുന്നതും വെട്ടിക്കുറയ്ക്കാം. അറ്റകുറ്റപ്പണി ചെലവും ഒഴിവാക്കണം. ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണം. ഇത്തരം പദ്ധതികളിലെ ജീവനക്കാരെ പുനർവിന്യസിക്കണം. ഞെരുക്കം മറികടക്കാൻ വരുമാന വർദ്ധനയ്ക്കുള്ള നിർദ്ദേശങ്ങളാണ് സമർപ്പിക്കേണ്ടത്. ഈ വർഷത്തെ നികുതി, നികുതി ഇതര കുടിശിക ഈടാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും സർക്കുലറിലുണ്ട്.
#ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ
1. എസ്റ്റിമേറ്റ് പരിധി: പദ്ധതിച്ചെലവ് കൂട്ടരുത്. പുതുക്കിയ എസ്റ്റിമേറ്റ് തുക ബഡ്ജറ്റ് എസ്റ്റിമേറ്റിനെക്കാൾ കവിയരുത്.
2. നേട്ടമില്ലാത്തവ വേണ്ട: സാമ്പത്തികമായി യാതൊരു ലാഭവും പ്രയോജനവുമില്ലാത്ത പദ്ധതി ഒഴിവാക്കണം.
3.അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം: അടിയന്തര സ്വഭാവമില്ലാത്തതും മാറ്റിവയ്ക്കാവുന്നതുമായ എല്ലാ അറ്റകുറ്റപ്പണികളും നിറുത്തണം.
4. ജീവനക്കാരുടെ പുനർവിന്യാസം: തസ്തികകളിൽ അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല. പകരം പുതിയ ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് ആ ഒഴിവിലേക്ക് നിയമിക്കാം.
5.ശമ്പള ചെലവുകളിൽ കൃത്യത: സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും ശമ്പളച്ചെലവുകൾ കൃത്യമായി കണക്കാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |