
കണ്ണൂർ/ കാസർകോട്: 'ഞങ്ങൾ കാഠ്‌മണ്ഡുവിൽ നിന്ന് പൊക്രയിലേക്ക് ട്രാവലറിൽ യാത്ര ചെയ്യുമ്പോഴാണ് അപ്രതീക്ഷിത പ്രളയമുണ്ടായത്. കൃത്യസമയത്ത് വാഹനം നിറുത്താനായതിനാൽ രക്ഷപ്പെട്ടു. കുറച്ചുകൂടി മുന്നോട്ട് പോയിരുന്നെങ്കിൽ ഒലിച്ചുപോയ രണ്ട് പാലങ്ങൾക്കിടയിൽ കുടുങ്ങിപ്പോയേനെ'.... നേപ്പാൾ മിന്നൽ പ്രളയത്തിന് മുന്നിൽപ്പെട്ട മലയാളി സംഘത്തിലുള്ള കാഞ്ഞങ്ങാട് സ്വദേശി പ്രദീപ്‌കുമാർ വീഡിയോയിൽ പറഞ്ഞു.
കാസർകോട്, കണ്ണൂർ, എറണാകുളം സ്വദേശികളടങ്ങുന്ന 36 അംഗ വിനോദസഞ്ചാര സംഘം ഇന്നലെ പുലർച്ചെ രണ്ടരയോടെ സുരക്ഷിത താവളത്തിലെത്തി. നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് 29ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് സന്ദീപ് വാര്യർ എം.എൽ.എ അറിയിച്ചു. എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.
ഈ മാസം 23ന് എറണാകുളത്തെ ട്രാവൽ ഏജൻസി വഴി നേപ്പാളിലേക്ക് യാത്രതിരിച്ച സംഘത്തിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള അദ്ധ്യാപകരും ബാങ്ക് ജീവനക്കാരും ഉൾപ്പെടുന്നു. സംഘം പ്രളയത്തിൽ കുടുങ്ങിയ വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി വി.കുഞ്ഞികൃഷ്ണൻ എം.എൽ.എയും അറിയിച്ചു.
അഞ്ച് മിനിട്ട്
മുമ്പായിരുന്നെങ്കിൽ...
റോഡുകളും പാലങ്ങളും തകർന്നൊഴുകുന്നു, കൺമുന്നിൽ വീടുകളും കെട്ടിടങ്ങളും മരങ്ങളും മറിഞ്ഞുവീഴുന്നു. എത്തിയത് അഞ്ച് മിനിട്ട് മുമ്പായിരുന്നെങ്കിൽ ഞങ്ങൾ കയറിയ ട്രാവലറും പുഴയിലേക്ക് പതിക്കുമായിരുന്നു- പ്രളയത്തിൽ നിന്നു രക്ഷപ്പെട്ട എഴുത്തുകാരനും അദ്ധ്യാപകനുമായ ചെറുവത്തൂർ വലിയപൊയിലിലെ അനിൽ നീലാംബരി നേരിൽ കണ്ടത് വിവരിച്ചു. റിട്ട.എസ്.ഐ പ്രദീപ്‌കുമാർ, പെരിയ പോളിടെക്നിക്കിലെ അദ്ധ്യാപകൻ രാജൻ,കെ.എസ്.ഇ.ബി റിട്ട.എൻജിനിയർ എം.കരുണാകരൻ, രാജീവൻ കുറുവാട്ട് എന്നിവരാണ് കാസർകോട്ടെ സംഘത്തിൽ അനിലിനൊപ്പം ഉണ്ടായിരുന്നത്. ഒരു ദിവസം മുഴുവൻ ദുരന്തമുഖത്ത് കഴിച്ചുകൂട്ടി. കാട്ടിലൂടെ രക്ഷപ്പെട്ടാണ് താമസസ്ഥലത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |