മലപ്പുറം : ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം തിരുവാലി കുളക്കാട്ടിരിയിലാണ് ദാരുണമായ അപകടം ഉണ്ടായത്. എറാണകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശേരി സജീവന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.15ഓടെയാണ് സംഭവം.
കുളക്കാട്ടിൽ ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ ജോലി ചെയ്യുകയാണ് സജീവും ഭാര്യയും. കുട്ടിയെ മുറിക്കുള്ളിലെ കട്ടിലിൽ ഉറക്കികിടത്തി മാതാപിതാക്കൾ വീടിന് പുറത്ത് ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് മുറിയിലെ വാൾഫാനിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിക്കുന്നത്. തുടർന്ന് ഫാൻ കത്തിയമർന്ന് താഴെ കുട്ടി കിടക്കുകയായിരുന്ന ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ മാതാപിതാക്കൾ തീപിടിച്ച നിലയിലുള്ള കിടക്കയാണ് കണ്ടത്. ഉടൻ തന്നെ കുട്ടിയെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടവണ്ണ പൊലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |