
തിരുവനന്തപുരം: സ്‌കൂൾ അദ്ധ്യാപകരുടെ പരിശീലനം സമഗ്രമായി ഉടച്ചുവാർക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പാഠഭാഗങ്ങളിൽ പരിശീലനം നൽകില്ല. കുട്ടികൾക്ക് പാഠഭാഗങ്ങൾ മനസിലാകുന്ന തരത്തിൽ പഠിപ്പിക്കാനുള്ള പരിശീലനമാകും നൽകുക. പഠിപ്പിക്കാനായി എ.ഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ പ്രാപ്തരാക്കും.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ഡോ.ഡി.സജിത്ബാബുവിന്റെ നിർദ്ദേശപ്രകാരമാണ് മാറ്റം. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും വിഷയം നന്നായി പഠിച്ച് അദ്ധ്യാപകരാവുന്നവരെ വീണ്ടും ഭാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടതില്ല. പരിശീലിനത്തിൽ ഏറ്റവും കൂടുതൽ തുക ചെലവാകുന്നതും ഉള്ളടക്കം വീണ്ടും പഠിപ്പിക്കുന്നതിനാണ്. അദ്ധ്യാപക സഹായി (ടീച്ചേഴ്സ് ഗൈഡ്) ഉപയോഗിച്ച് ഉള്ളടക്കം അദ്ധ്യാപകർ സ്വയം മനസിലാക്കണം.
ആധുനിക സാങ്കേതിക വിദ്യ, വിവര സാങ്കേതിക രംഗത്ത് വന്നിട്ടുള്ള മാറ്റം എന്നിവ പരിശീലനത്തിന് പ്രയോജനപ്പെടുത്തും. ഇതിനായി ഓറിയന്റേഷൻ ക്ലാസ് നൽകും. അദ്ധ്യാപകൻ മനസിലാക്കിയ കാര്യങ്ങൾ ഈ മാർഗങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കണം. ഓരോ കുട്ടിയുടെയും പഠനവേഗത മനസ്സിലാക്കി പാഠഭാഗങ്ങൾ ക്രമീകരിക്കാനും കുട്ടിക്ക് ബുദ്ധിമുട്ടുള്ള വിഷയങ്ങൾ തിരിച്ചറിഞ്ഞ് അതിൽ കൂടുതൽ പരിശീലനം നൽകാനും കഴിയും.
എസ്.സി.ഇ.ആർ.ടിയാണോ എസ്.എസ്.കെയാണോ പരിശീലനം സംഘടിപ്പിക്കേണ്ടത് എന്നതിലാണ് ആശയക്കുഴപ്പം.
അക്ഷരം അറിയാതെ
എസ്.എസ്.എൽ.സി ജയം
#എസ്.എസ്.എൽ.സി വിജയശതമാനം ഉയർന്നതാണെങ്കിലും ഗുണനിലവാരം കുറവാണെന്ന പരാതി വർഷങ്ങളായി ഉയരുന്നുണ്ട്. പത്താം ക്ലാസ് കഴിയുന്ന പലർക്കും അപേക്ഷ എഴുതാൻ പോലും കഴിയുന്നില്ലെന്ന വിമർശനം ശക്തമാണ്. പഠിപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തി പരിഹാരം കാണാനാണ് ശ്രമം.
ശാസ്ത്ര ഗണിത വിഷയങ്ങൾ 3 ഡി അനിമേഷനുകൾ, ക്വിസുകൾ തുടങ്ങിയവയിലൂടെ എളുപ്പത്തിൽ കുട്ടികളിലേക്ക് എത്തിക്കാൻ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |