തിരുവനന്തപുരം: ജനിച്ചു വീഴുമ്പോഴേ ചോദ്യങ്ങളാണ് അനുവിന് ചുറ്റും കൂടിയത്. ജനിച്ചതിന് പിന്നാലെ അണുബാധയേറ്റ വലതുകരം വലിയൊരു ചോദ്യമായി. ഉത്തരം കിട്ടുമ്പോൾ വലതുകൈയുടെ പാതി പോയി. സ്കൂൾ കാലം പിന്നിട്ടപ്പോൾ, എൻജിനിയറിംഗ് പഠിച്ചു കൂടേയെന്ന് രക്ഷിതാക്കൾ. കൊല്ലം എഴുകോൺ പോളിടെക്നിക്കിൽ നിന്ന് മൂന്ന് വർഷത്തെ ഹാർഡ് വെയർ ഡിപ്ളോമ സർട്ടിഫിക്കറ്റ് നേടി അനു അവർക്ക് ഉത്തരം നൽകി. പിന്നെയെന്ത്?, സ്വന്തമായൊരു പെയിന്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് !. ഇപ്പോൾ കൊല്ലം നെല്ലുമുക്ക് സ്വദേശി അനു അജിത്തിന്റെ (29) മനസിൽ തെളിയുന്നത് ചിത്രരചനയുടെ ലോകമാണ്. ഫൈൻ ആർട്സ് കോളേജ് പ്രവേശനത്തിന് മൂന്നാം വട്ടം പരീക്ഷയെഴുതി ജയിച്ചു. ഇപ്പോൾ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അപ്ളെയിഡ് ആർട്സിൽ മൂന്നാം വർഷം. കൂലിപ്പണിക്കാരനായ അജിത് കുമാറിനും വീട്ടമ്മയായ അനിതയ്ക്കും മകനെ പഠിപ്പിക്കാൻ വരുമാനമില്ല. കിടപ്പാടം അർബൻ ബാങ്കിന്റെ ജപ്തി ഭീഷണിയിലാണ്. അങ്ങനെയാണ് ചിത്രരചന പഠിപ്പിക്കാമെന്ന് തീരുമാനിച്ചത്. കുട്ടികളെ പഠിപ്പിക്കാൻ ഇരിപ്പിടത്തിനും ഫാനിനും വരെ വായ്പയെടുത്തു. ഇപ്പോൾ 40-50 വരെ കുട്ടികളുണ്ട് പഠിക്കാൻ.
ഇടതുകൈ അശുഭകരം !
ചിത്രരചന പരിശീലിപ്പിക്കാൻ കുട്ടികളെ തേടുമ്പോൾ ഇടതുകൈ കൊണ്ട് ചെയ്യുന്നത് അശുഭകരമാണെന്ന് പറഞ്ഞ് പല രക്ഷിതാക്കളും മുടക്കി. എങ്കിലും ശ്രമം തുടർന്നു, വിജയിച്ചു. ചിലർ കാണുമ്പോൾ പരിതപിക്കും, സഹതപിക്കും. ചിലർ സർക്കാർ ജോലി കിട്ടാൻ എളുപ്പമാണെന്ന് പറയും. പക്ഷേ ആരുടെയും സഹതാപമല്ല, തോളോട് തോൾ ചേർത്ത് നിറുത്തുകയാണ് വേണ്ടതെന്ന് അനു പറയുന്നു.
സാജൻ സാർ പ്രചോദനം
ചിലപ്പോഴൊക്കെ നിരാശ തോന്നും. നല്ലൊരു ചിത്രകാരനാവാൻ കഴിയില്ലെന്ന് തോന്നിയ നേരത്താണ് ഗസ്റ്റ് അദ്ധ്യാപകനായെത്തിയ സാജൻ സാറിനെ കണ്ടത്. എടോ, രണ്ട് കൈകളും ഇല്ലാതെ കാലുകൾകൊണ്ട് ചിത്രം വരച്ച് അദ്ധ്യാപകനായെത്താൻ എനിക്ക് കഴിയുമെങ്കിൽ, എന്തുകൊണ്ട് നിനക്ക് പറ്റില്ല?. ആ ചോദ്യം ഇന്നും മുന്നോട്ടു നയിക്കുന്നു.
കൂട്ടുകാർ പോലും അവഗണിച്ചിട്ടുണ്ട്. എന്റെ ലക്ഷ്യം സ്വന്തമായൊരു പെയിന്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ്.
-അനു അജിത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |