
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ പാറ സ്വദേശി മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) ആണ് മരിച്ചത്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ബസിലുണ്ടായിരുന്ന 26 പേർക്കും പരിക്കേറ്റു.ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന 'ഡിഫെൻഡർ" എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ വൈഷ്ണവ് അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ടൈൽസ് ജോലി ചെയ്യുന്ന വൈഷ്ണവ് 'സഹോദരനൊപ്പം പരീക്ഷയ്ക്ക് പോവുകയായിരുന്നു.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.അമിതവേഗതയും മഴയിൽ റോഡ് നനഞ്ഞ് കിടന്നതുമാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.അപകടത്തിൽ ബസിന്റെ മദ്ധ്യഭാഗം ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ബസ് കഴിഞ്ഞ ആഴ്ചയുണ്ടായ അപകടത്തെ തുടർന്ന് റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മറിഞ്ഞുവീണത്.കാർ പൂർണ്ണമായും നശിച്ചു.ഇടിയുടെ ആഘാതത്തിൽ ബസിന്റെ ടയർ ഊരിത്തെറിച്ചുപോയി. അപകട സമയത്ത് സമീപത്തുണ്ടായിരുന്ന രണ്ട് ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ബസിനുള്ളിൽ കുടുങ്ങിയയാളെ കമ്പി മുറിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കുറ്റിപ്പുറം, കോട്ടക്കൽ,എടപ്പാൾ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ വൈഷ്ണവിന്റെ സഹോദരൻ ചികിത്സയിലാണ്. അച്ചൻ: മാവന്നൂർ പടിക്കൽ രാധാകൃഷ്ണൻ, അമ്മ :വിലാസിനി. സഹോദരൻ: വൈശാഖ്ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കുറ്റിപ്പുറം ബസ് അപകടം
5 ദിവസത്തിനകം റിപ്പോർട്ട്:
സി.പി. ജോൺ
കണ്ണൂർ: കുറ്റിപ്പുറം സ്വകാര്യ ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കും. അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയാണോ,റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണോ എന്നും പരിശോധിക്കും. അപകടത്തിൽ മരിച്ച വൈഷ്ണവിന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ മന്ത്രി,പരിക്കേറ്റവരുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം നിരീക്ഷിക്കുകയാണെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |