SignIn
Kerala Kaumudi Online
Monday, 25 May 2026 1.52 AM IST

'അന്ന് അച്ഛന്റെ കണ്ണ് നിറഞ്ഞത് അതുകൊണ്ടാണ്, അമ്മ പറഞ്ഞത് അച്ചടക്കത്തെക്കുറിച്ച്,' മനസ് തുറന്ന് തേജാലക്ഷ്മി

urvashi-theja-manoj

നടി ഉർവശിയുടെയും നടൻ മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയാകാൻ ഒരുങ്ങുകയാണ്. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അടുത്തിടെ മകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ചടങ്ങിൽ മനോജ് കെജയൻ വികാരഭരിതനായത് വലിയ വാർത്തയായിരുന്നു.

കുഞ്ഞാറ്റയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഉർവശിയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറിയതും അന്ന് അച്ഛനെ ചേർത്തുപിടിച്ച തേജാലക്ഷ്മിയുടെ പക്വതയും ആരാധകരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ നിമിഷങ്ങളെക്കുറിച്ചും സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും ഒരു പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിൽ മനസു തുറക്കുകയാണ്‌ തേജാലക്ഷ്മി.

അന്ന് അച്ഛൻ അത്രയധികം ഇമോഷണൽ ആയത് തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ മൂലമാണെന്ന് തേജാലക്ഷ്മി പറയുന്നു. 'ഞങ്ങൾ രണ്ടുപേരും മാത്രം കടന്നുപോന്ന ഒരുപാട് സ്വകാര്യമായ നിമിഷങ്ങളുണ്ട്. അതൊക്കെ ആലോചിച്ചാണ് അച്ഛൻ സങ്കടപ്പെട്ടത്. ഞാൻ പൊതുവെ കാര്യങ്ങളെ ലളിതമായി കാണാൻ ഇഷ്ടപ്പെടുന്ന ആളാണ്. മനസിൽ പാവമാണെങ്കിലും പുറമെ കുറച്ച് മനക്കട്ടി കാണിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് സങ്കടം വന്നാൽ അത് മറ്റുള്ളവരെ കാണിക്കാതെ സ്വകാര്യതയിൽ ഇരിക്കാനാണ് താൽപ്പര്യം,' താരം വ്യക്തമാക്കി.

'സിനിമയിലേക്ക് എത്തുമ്പോൾ അച്ഛനും അമ്മയും ഒരേപോലെ നൽകിയ ഉപദേശം 'അച്ചടക്കം' പാലിക്കണമെന്നാണ്. നിശ്ചയിച്ച സമയത്തിന് മുമ്പേ ലൊക്കേഷനിൽ എത്തണം, സിനിമയിലെ ഓരോരുത്തരെയും തുല്യമായി കാണണം. ഷൂട്ടിംഗ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ക്യാമറയ്ക്ക് മുന്നിൽ കോൺഷ്യസ് ആകരുതെന്നും സിനിമയിലെ എല്ലാവരും നമ്മുടെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അമ്മ പറഞ്ഞുതന്നിരുന്നു'. തേജാലക്ഷ്മി പറഞ്ഞു.

മകൾ സിനിമാ മോഹം പറഞ്ഞപ്പോൾ മനോജ് കെ ജയൻ മുന്നോട്ടുവച്ച ആദ്യ നിബന്ധന അമ്മ ഉർവശിയെ നേരിട്ട് കണ്ട് അനുവാദം വാങ്ങണമെന്നായിരുന്നു. 'ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടിയാണ് ഉർവശി. ചെന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് ഞാൻ പറഞ്ഞു. അവൾ പോയി കണ്ടു, വളരെ സന്തോഷത്തോടെയാണ് ഉർവശി സമ്മതം മൂളിയത്,' മനോജ് കെ ജയൻ പറഞ്ഞു.

മകളെ പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങി നൽകണമെന്നായിരുന്നു തന്റെ ആദ്യ ആഗ്രഹമെന്നും എന്നാൽ അവളുടെ സ്വപ്നങ്ങൾക്ക് താൻ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന തേജാലക്ഷ്മി മനോജ് കെ ജയന്റെ ഭാര്യ ആശയോടായിരുന്നു തന്റെ സിനിമാ മോഹം ആദ്യം പങ്കുവച്ചത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: URVASHI, MANOJ K JAYAN, LATESTNEWS, CINEMA, KUNJATTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY