വാഷിംഗ്ടൺ: അമേരിക്കയിൽ മകളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം 64 വയസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ന്യൂയോർക്കിൽ അപ്‌സ്റ്റേറ്റ് അപ്പാർട്ട്മെന്റിലാണ് കുടുംബത്തിലെ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി ഇവരെ പുറത്തുകാണാത്തതിനെത്തുടർന്ന് അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരാണ് മരണപ്പെട്ടത്. സാറാ മൈയേഴ്സിന്റെയും മക്കളുടെയും മരണത്തിൽ മുത്തശിക്ക് പങ്കുണ്ടെന്ന് വ്യക്തമാകുന്ന കുറിപ്പുകൾ സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു. ആമി മറ്റ് അഞ്ചുപേർക്കും ബോധപൂർവം വിഷം നൽകിയതാണെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകളുമുണ്ട്.
മകളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ആമി സ്വയം വിഷം കഴിച്ചതിന്റെ തെളിവുകളും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. മരുന്നുകളുടെ കുറിപ്പടികളും മറ്റ് വസ്തുക്കളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകങ്ങളിൽ പുറത്തുനിന്നുള്ള മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവുകളില്ല. മരണങ്ങൾ സംഭവിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് സാറാ മൈയേഴ്സിന്റെ ഭർത്താവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |