
മനുഷ്യന്റെ ദുഃഖങ്ങളെല്ലാം തീർന്നിട്ട് ആഘോഷിക്കാമെന്ന് കരുതിയാൽ അങ്ങനെ ഒരു ദിവസം വരാൻ സംഗതിയില്ല. അതിനാലാണ് പൂർവികർ ഉത്സവദിനങ്ങളും ആഘോഷ സുദിനങ്ങളും ഒരു വർഷത്തിന്റെ മാലയിൽ അവിടവിടെ രത്‌നങ്ങൾ പതിച്ചപോലെ വിളക്കിച്ചേർത്തിരിക്കുന്നത്. എല്ലാ മതങ്ങൾക്കും അവരുടേതായ സന്തോഷ ദിനങ്ങളുണ്ട്. പ്രവാചകന്മാരുടെ ജന്മദിനവും മറ്റുമാണ് അങ്ങനെ ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിൽ ഓണം അങ്ങനെയല്ല. മലയാളി സമൂഹം എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഈ സുദിനം സമൃദ്ധിയുടെയും സമത്വത്തിന്റെയും ഒരു വലിയ ഓർമ്മപ്പെടുത്തൽ കൂടിയാണ്. പരമ്പരാഗതമായ ഐതിഹ്യങ്ങളെ മുറുകെപ്പിടിക്കുമ്പോൾ തന്നെ ആധുനികതയുടെയും ഡിജിറ്റൽ മാറ്റങ്ങളുടെയും പുതിയ അടയാളങ്ങൾ കൂടി പേറുന്നതാണ് ഓണം 2026. സദ്യവട്ടങ്ങളുടെ സമൃദ്ധിയുമായി ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണം കൊണ്ടാടുന്നു.
ഇതിന്റെ മുന്നോടിയായി ഒരാഴ്ച മുമ്പ് തന്നെ തെരുവുകളിൽ ഓണത്തിരക്ക് തുടങ്ങിയിരുന്നു. സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയും മറ്റും വാങ്ങുന്നതിനായി കുടുംബസമേതം ആളുകൾ പുറത്തിറങ്ങിയതോടെ നാടും നഗരവും തിരക്കിലമർന്നിരുന്നു. ഓണച്ചന്തകളിലും വസ്‌ത്രശാലകളിലുമായിരുന്നു ഏറ്റവും വലിയ തിരക്ക്. എ.ഐ രൂപകൽപ്പന ചെയ്ത ഓണവസ്‌ത്രങ്ങളും സോഷ്യൽ മീഡിയയിലെ വിർച്വൽ പൂക്കളങ്ങളും ഡിജിറ്റൽ ഓണപ്പാട്ടുകളും വാട്സ് ആപ്പിലെ വ്യത്യസ്തമായ ഓണാശംസകളും ഇത്തവണത്തെ ഓണത്തിന് ആധുനികതയുടെ ഡിജിറ്റൽ മുഖം കൂടി നൽകിയിരിക്കുന്നു. മനുഷ്യരാശിയുടെ ആവിർഭാവത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ സങ്കൽപ്പം ഏതെന്ന ചോദ്യത്തിന് 'സമത്വം' എന്നല്ലാതെ മറ്റൊരു ഉത്തരവും അനുയോജ്യമാകില്ല. മാനുഷരെല്ലാരും ഒന്നുപോലെ വാഴുന്ന ലോകം എന്ന സങ്കൽപ്പമാണ് ഓണത്തിന്റെ മഹിമ കാലം കഴിഞ്ഞിട്ടും മങ്ങാതെ വെട്ടിത്തിളങ്ങാൻ പര്യാപ്തമാക്കുന്നത്.
പ്രകൃതി ദുരന്തങ്ങളുടെയും അതിജീവനത്തിന്റെയും പശ്ചാത്തലത്തിൽ പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരളം ഒന്നടങ്കം ഒത്തൊരുമിച്ച് സന്തോഷിക്കുന്ന ഓണനാളുകൾ പുതിയ പ്രതീക്ഷകളും സ്നേഹവുമാണ് പകരുന്നത്. മഹാബലിയും വാമനനുമൊക്കെ ചില പ്രതീകങ്ങൾ മാത്രമായി കരുതിയാലും എള്ളോളം കള്ളമില്ലാത്ത ഒരു പഴയ കാലം നമുക്ക് ഉണ്ടായിരുന്നു എന്ന വിചാരം ജനമനസുകളിൽ ഉദ്ദീപിപ്പിക്കുന്ന സന്തോഷത്തിന്റെ തിരനുരകൾ സീമാതീതമാണ്. അലങ്കാര ദീപങ്ങൾ തെളിച്ചും ഉത്സവ പരിപാടികൾ സംഘടിപ്പിച്ചും സർക്കാർ നേരിട്ടിറങ്ങുന്നതിൽ നിന്നുതന്നെ ഓണത്തിന്റെ മതാതീത മഹിമ ബോദ്ധ്യമാവും. ജാതി- മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി മനുഷ്യർ പരസ്പരം കൈകോർക്കുന്ന ഈ വേള ഹൃദയബന്ധങ്ങളുടെ ശക്തിയാണ് പ്രകടമാക്കുന്നത്.
പ്രവാസി ലോകത്തെ മലയാളി കൂട്ടായ്‌മകളും ഈ തനിമ ഒട്ടും ചോർന്നു പോകാതെ ലോകത്തിന്റെ വിവിധ കോണുകളിൽ ഓണം ആഘോഷിക്കുന്നത് നന്മ നിറഞ്ഞ നല്ലൊരു നാളെ സ്വപ്നം കണ്ടുകൊണ്ടാണ്. സദ്യവട്ടങ്ങൾ, പൂവ്, വസ്‌ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ടൂറിസം, കാർഷിക ഉത്‌പന്നങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഓണനാളുകൾ നൽകുന്ന സാമ്പത്തിക ഉൗർജ്ജം ചെറുതല്ല. പണത്തിന്റെ ഒഴുക്ക് പല കൈവഴികളിലായി എല്ലാവരിലും എത്തിച്ചേരാനും ഓണം നിമിത്തമാകുന്നു. പരസ്‌പര സ്‌നേഹത്തിന്റെയും നന്മയുടെയും നല്ല നാളുകളെ സ്‌മരിക്കുന്ന ഓണം നിറവാർന്ന് നിലനിൽക്കുന്ന ഈ വേളയിൽ എല്ലാ വായനക്കാർക്കും കേരളകൗമുദിയുടെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ നേരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |